സംസ്ഥാനത്തെ 3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം. തൃശൂർ പാറളം കുടുംബാരോഗ്യ കേന്ദ്രം 92 ശതമാനം സ്‌കോറും, പാലക്കാട് കുളപ്പുള്ളി നഗര കുടുംബാരോഗ്യ കേന്ദ്രം 86 ശതമാനം സ്‌കോറും, കൊല്ലം കരുനാഗപ്പള്ളി നഗര കുടുംബാരോഗ്യ കേന്ദ്രം 89 ശതമാനം സ്‌കോറും നേടിയാണ് എൻ.ക്യു.എ.എസ്. നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് അംഗീകാരം നേടിയത്. ഈ സർക്കാരിന്റെ കാലത്ത് ഇതുവരെ പുതിയതും പുന:അംഗീകാരവും ഉൾപ്പെടെ ആകെ 143 ആരോഗ്യ സ്ഥാപനങ്ങൾക്കാണ് എൻ.ക്യു.എ.എസ്. നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് അംഗീകാരം ലഭിച്ചത് എന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. മികച്ച സൗകര്യങ്ങളും സേവനങ്ങളുമൊരുക്കി കൂടുതൽ സർക്കാർ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയർത്താനായി നടത്തിയ നടപടികളുടെ ഭാഗമായാണ് ഈ അംഗീകാരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കൂട്ടിച്ചേർത്തു. ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ താലൂക്ക്, ജില്ലാ ആശുപത്രികളിൽ കൂടി ഗുണനിലവാരം ഉറപ്പാക്കാനായുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. സംസ്ഥാനത്ത് ആകെ 175 ആശുപത്രികൾക്ക് എൻ.ക്യു.എ.എസ്. അംഗീകാരവും 76 ആശുപത്രികൾക്ക് പുന:അംഗീകാരവും നേടിയെടുക്കാനായി. 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 9 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 116 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.