ഫിറ്റ്നസ് പ്രേമികൾക്കിടയിൽ ട്രെൻഡിങ് ആയി മുൻപന്തിയിൽ നിൽക്കുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിങ് അഥവാ ഇടവിട്ടുള്ള ഉപവാസം ഹൃദയാഘാതം മൂലമുള്ള മരണസാധ്യത വർധിപ്പിക്കുന്നതായി പഠനം. എട്ട് മണിക്കൂറിനുള്ളിൽ ഒരു ദിവസം കഴിക്കേണ്ട പ്രധാനഭക്ഷണങ്ങളെല്ലാം കഴിച്ച് ശേഷിക്കുന്ന സമയം ഉപവസിക്കുന്ന ഭക്ഷണരീതിയാണ് ഇത്. പ്രഭാതഭക്ഷണം ഒഴിവാക്കി ഉച്ചയോടെ മധ്യാഹ്നഭക്ഷണവും രാത്രി എട്ട് മണിക്കുള്ളിൽ അത്താഴവും ഇന്റർമിറ്റന്റ് ഫാസ്റ്റിങ് അനുസരിച്ച് കഴിക്കേണ്ടതാണ്. ഇത്തരത്തിൽ കഴിക്കുന്നത് പക്ഷേ ഹൃദയത്തിന് അത്ര നല്ലതല്ലെന്നാണ് 20,000 പേരിൽ പഠനം നടത്തിയ യുഎസ്സിൽ നിന്നുള്ള ഗവേഷകർ പറയുന്നത്. ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പിന്തുടരുന്നവർ അത് പിന്തുടരാത്തവരെ അപേക്ഷിച്ച് ഹൃദ്രോഗം മൂലം മരണപ്പെടാനുള്ള സാധ്യത 91 ശതമാനം അധികമാണെന്ന് ഗവേഷക റിപ്പോർട്ട് വ്യക്തമാക്കുന്നു. മുൻപ് ഹൃദ്രോഗമുണ്ടായിരുന്നവർ ഇത് മൂലമോ പക്ഷാഘാതം മൂലമോ മരണപ്പെടാനുളള സാധ്യത ഇന്റർമിറ്റന്റ് ഫാസ്റ്റിങ് 66 ശതമാനം വർദ്ധിപ്പിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2024 മാർച്ച് 18 മുതൽ 21 വരെ അമേരിക്കയിലെ ഷിക്കാഗോയിൽ നടന്ന അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ എപിഡെമിയോളജി ആൻഡ് പ്രെവെൻഷൻ │ലൈഫ്‌സ്‌റ്റൈ ആൻഡ് കാർഡിഒമെറ്റാബോളിക് സയന്റിഫിക് സെഷൻസിൽ ഈ പഠനത്തിലെ കണ്ടെത്തലുകൾ അവതരിപ്പിക്കപ്പെട്ടു. എന്നാൽ ഈ കണ്ടെത്തലുകൾ പ്രാഥമികം മാത്രമാണെന്നും പൂർണ്ണരൂപത്തിലുള്ള പഠനറിപ്പോർട്ട് ഇനിയും പുറത്തിറങ്ങിയിട്ടില്ലെന്നും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വൃത്തങ്ങൾ സൂചിപ്പിച്ചു.