ഇൻസുലിൻ എടുക്കുന്ന പ്രമേഹ രോഗികൾ അറിയാൻ ഒരു സുപ്രധാന വാർത്ത പങ്കുവെക്കുകയാണ്. കടുത്ത ചൂടിൽ പ്രമേഹരോഗികൾ ഉപയോഗിക്കുന്ന ഇൻസുലിന്റെ ഫലം കുറയുന്നതായി കേരളത്തിലെ ആരോഗ്യ വിദഗ്ധർ കണ്ടെത്തി. പ്രമേഹം കുറയുന്നില്ല എന്ന പരാതിയുമായി ആലപ്പുഴയിലെ ഒരു വീട്ടമ്മ കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ഒ.പി.യിൽ പരാതിയുമായെത്തിയിരുന്നു. ഇവർ ആറു വർഷമായി പ്രമേഹത്തിന് ഇൻസുലിനെടുക്കുന്നവരാണ്. പരാതിയെ തുടർന്ന് രോഗിയെയും അവരുപയോഗിച്ച ഇൻസുലിനും അതു സൂക്ഷിച്ച സാഹചര്യവും ഡോക്ടർമാർ പരിശോധിച്ചു. കനത്ത ചൂടുമൂലം ഇൻസുലിൻ മോശമായതാണ് പ്രമേഹ നിയന്ത്രണം താളം തെറ്റാൻ കാരണമായാത് എന്നായിരുന്നു കണ്ടെത്തൽ. കുപ്പി തുറക്കാത്ത ഇൻസുലിൻ ഫ്രിഡ്ജിനുള്ളിൽ ഫ്രീസറിനു പുറത്ത് സൂക്ഷിക്കണമെന്നും, തുറന്നവ മുറിയിൽ സൂക്ഷിച്ചാൽ മതിയെന്നുമാണ് ഇതുവരെ ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാൽ, ചൂട് കുത്തനെ കൂടിയതോടെ തുറന്ന ഇൻസുലിനും ഫ്രിഡ്ജിൽത്തന്നെ സൂക്ഷിക്കണമെന്നാണ് ഇപ്പോൾ ഡോക്ടർമാർ നൽകുന്ന നിർദേശം. കനത്ത ചൂടിൽ മുറിയിൽ വെക്കുന്ന ഇൻസുലിന്റെ പ്രവർത്തനക്ഷമത കുറയുന്നതായി ആണ് കണ്ടെത്തൽ. നേരിട്ടു വെയിലേൽക്കുന്ന ജനാലയ്ക്കരികിൽ സൂക്ഷിച്ച ഇൻസുലിനാണ് ഇത്തരത്തിൽ മോശമാകുന്നതിൽ ഏറെയും. കുപ്പിതുറക്കാത്ത ഇൻസുലിന് രണ്ടു മുതുൽ എട്ടുവരെ ഡിഗ്രി സെൽഷ്യസ് താപനിലയാണു വേണ്ടത്. തുറന്നവയ്ക്കു രണ്ടു മുതൽ 30 വരെ ഡിഗ്രി സെൽഷ്യസും. എന്നാൽ, പലയിടത്തും മുറിക്കുള്ളിലെ താപനില 30-നു മുകളിലായതിനാൽ ഉപയോഗിച്ചു തുടങ്ങിയ ഇൻസുലിനും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലതെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മെഡിസിൻ വിഭാഗം മേധാവി ഡോ. ബി. പദ്മകുമാറിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൂടുകാലത്ത് ഇൻസുലിൻ പേനയും ഫ്രിഡ്ജിൽത്തന്നെ സൂക്ഷിക്കണമെന്നാണു ഡോക്ടർമാർ നിർദ്ദേശിക്കുന്നത്.