കോവിഡിനുശേഷം കേരളത്തിൽ പലരുടെയും ശ്വാസകോശത്തിന്റെ ആരോഗ്യം മോശമായതായി ആരോഗ്യ വിദഗ്ധർ. ഇൻഫ്ലുവൻസ വൈറസ്, റെസ്പിരേറ്ററി സിൻസീഷ്യൽ വൈറസ്, സാർസ്-കോവ്-2 വൈറസ് എന്നിവയുടെ മാറിമാറിയുള്ള ആക്രമണമാണ് കടുത്ത ശ്വാസകോശരോഗത്തിന് വഴിവെക്കുന്നത്. ഇതിനുപുറമേ റൈനോ വൈറസ്, പാരഇൻഫ്ലുവൻസ വൈറസ് എന്നിവ ശ്വാസനാളികളിൽ നീർക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കും. അതുമൂലമുണ്ടാകുന്ന ബ്രോങ്കൈറ്റിസ്, ഫാരിൻജൈറ്റിസ്, ബ്രോങ്കിയോലൈറ്റിസ് എന്നിവയൊക്കെ വിട്ടുമാറാത്ത ചുമയ്ക്ക് കാരണമാകാം എന്ന് ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജ് പൾമണറി മെഡിസിൻ പ്രൊഫസർ ഡോ. പി.എസ്. ഷാജഹാൻ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു. കോവിഡിനുശേഷം പലരിലും ശ്വാസകോശത്തിന്റെ ആരോഗ്യം മോശമായിട്ടുണ്ട് എന്നത് അസുഖം തീവ്രമാവുന്നതിന് ഒരു കാരണമാകാം. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരിൽ അപകടസാധ്യത കുറയ്ക്കാൻ ഇൻഫ്ലുവൻസ വാക്സിൻ നൽകുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു എന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. ബി. പത്മകുമാർ പ്രതികരിച്ചു.