കടുത്ത ചൂട് പ്രതിരോധ സംവിധാനത്തെ ബാധിച്ച് നീർക്കെട്ടും, ഹൃദ്രോഗ സാധ്യതയും വർധിപ്പിക്കുമെന്ന് പഠനം. അമേരിക്കയിലെ ലൂയിസ് വില്ലേ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ ആണ് പഠനം നടത്തിയത്. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ഇപിഐലൈഫ്‌സ്റ്റൈൽ സയന്റിഫിക്ക് സെഷനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യൂണിവേഴ്‌സൽ തെർമൽ ക്ലൈമറ്റ് ഇൻഡെക്‌സ് ഓരോ അഞ്ച് ഡിഗ്രി വർധിക്കുമ്പോൾ നീർക്കെട്ടുമായി ബന്ധപ്പെട്ട രക്തത്തിലെ സൂചകങ്ങളും വർധിക്കുന്നതായി ഗവേഷകർ മനസ്സിലാക്കി. നീർക്കെട്ടിന്റെ സൂചന നൽകുന്ന മോണോസൈറ്റുകൾ, ഈസ്‌നോഫില്ലുകൾ, പ്രോ ഇൻഫ്‌ളമേറ്ററി സൈറ്റോകീനുകൾ എന്നിവയുടെ എണ്ണത്തിൽ വർധനവ് ഉണ്ടാക്കാൻ ചൂടുള്ള കാലാവസ്ഥയ്‌ക്ക് കഴിയുമെന്നും ഗവേഷകർ കണ്ടെത്തി. കൂടാതെ വൈറസിനോടും ബാക്ടീരിയയോടും പൊരുതാൻ സഹായിക്കുന്ന ബി-കോശങ്ങളുടെ എണ്ണത്തിലുള്ള കുറവ് ഉള്ളതായി ഗവേഷകർ നിരീക്ഷിച്ചു. കുട്ടികൾക്കും പ്രായമായവർക്കും അമിത ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ പഠനത്തിൽ വ്യക്തമാക്കുന്നു.