ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധിതർ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയെന്ന് ലോകാരോഗ്യസംഘടന. ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച 2.98 കോടിപ്പേരും സി. ബാധിച്ച 55 ലക്ഷം പേരുമാണ് ഇന്ത്യയിലുള്ളത്. ഒന്നാം സ്ഥാനത്തുള്ള ചൈനയിൽ 8.3 കോടി രോഗികളാണുള്ളത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ലോകാരോഗ്യ സംഘടനയുടെ 2024 ലെ ഗ്ലോബൽ ഹെപ്പറ്റൈറ്റിസ് റിപ്പോർട്ട് അനുസരിച്ച്, 2022 ൽ ആഗോളതലത്തിൽ 254 ദശലക്ഷം പേർ ഹെപ്പറ്റൈറ്റിസ് ബിയും 50 ദശലക്ഷം പേർ ഹെപ്പറ്റൈറ്റിസ് സിയും ബാധിച്ചവരാണ്. കരളിനെ ഗുരുതരമായി ബാധിക്കുന്ന രോഗം മരണത്തിനുവരെ കാരണമായേക്കാം. എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ച് പ്രധാന ഹെപ്പറ്റൈറ്റിസ് വൈറസുകളാണുള്ളത്. ഇവയെല്ലാം കരൾ രോഗത്തിന് കാരണമാകുമെങ്കിലും, പകരുന്ന രീതികൾ, രോഗത്തിന്റെ തീവ്രത, പ്രതിരോധം എന്നിവ വ്യത്യസ്തമാണ്. 187 രാജ്യങ്ങളിൽ നിന്നുള്ള പുതിയ കണക്ക് അനുസരിച്ച് വൈറൽ ഹെപ്പറ്റൈറ്റിസ് മൂലമുള്ള മരണങ്ങളുടെ എണ്ണം 2019-ൽ 1.1 ദശലക്ഷത്തിൽ നിന്ന് 2022-ൽ 1.3 ദശലക്ഷമായി ഉയർന്നിട്ടുണ്ട്. ഇതിൽ 83 ശതമാനം ഹെപ്പറ്റൈറ്റിസ് ബി മൂലമാണ്, 17 ശതമാനം ഹെപ്പറ്റൈറ്റിസ് സി മൂലവുമാണ്. ഹെപ്പറ്റൈറ്റിസ് ബി, സി അണുബാധകൾ കാരണം ആഗോളതലത്തിൽ പ്രതിദിനം 3,500 പേർ മരിക്കുന്നുണ്ടെന്ന് ലോക ഹെപ്പറ്റൈറ്റിസ് ഉച്ചകോടിയിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.