മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ രോഗിയായ പിതാവിനെ കാണാനെത്തിയ യുവതിയെ കുത്തിക്കൊന്നു

മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ രോഗിയായ പിതാവിനെ കാണാനെത്തിയ യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ച്ച. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ മാർച്ച് 31 വൈകിട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവങ്ങളുണ്ടായത്. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ ബൈക്കിൽ കയറി രക്ഷപ്പെട്ട പ്രതി പുന്നമറ്റം സ്വദേശി ഷാഹുൽ അലിയെ പൊലീസ് പിടികൂടി. മുവാറ്റുപുഴ ജനറൽ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തിൽ വെച്ചാണ് ആക്രമണമുണ്ടായത്. സിംനയുടെ പിതാവ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇദ്ദേഹത്തെ കാണാൻ എത്തിയ വേളയിലാണ് കൊലപാതകം നടന്നത്. ഈ സമയത്ത് ഇവിടെയെത്തിയ പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. അതേസമയം, പ്രതി ഷാഹുൽ പലതവണ സഹോദരിയെ ശല്യം ചെയ്തിരുന്നതായും , ഇരുവരും തമ്മിൽ പരിചയമുണ്ടായിരുന്നതായും യുവതിയുടെ സഹോദരൻ ഹാരിസ് കൂട്ടിച്ചേർത്തു.