47 മെഡിക്കൽ വിദ്യാർഥിനികളെ കോളറ ലക്ഷണങ്ങളോടെ ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബി.എം.സി.ആർ.ഐ) വിദ്യാർഥിനികളെ ആണ് വെള്ളിയാഴ്ച രാത്രി വയറിളക്കവും നിർജലീകരണവും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോളജ് ഹോസ്റ്റലിൽ താമസിക്കുന്നവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. 28 പേർ ട്രോമ കെയറിലും 13 പേരെ എച്ച് ബ്ലോക്കിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മൂന്ന് വിദ്യാർഥിനികൾ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. സാമ്പിളുകൾ രാസപരിശോധനക്ക് അയച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യഥാർഥ രോഗം നിർണയിക്കാനാവൂ. എന്നാൽ, കോളറ രോഗം സംശയിക്കുന്നുമുണ്ട്.
കർണാടകയിൽ ഈ വർഷം ആറ് കോളറ കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. ഇതിൽ അഞ്ച് എണ്ണവും കഴിഞ്ഞ മാസമാണ് റിപ്പോർട്ട് ചെയ്തത്. ബംഗളൂരു നഗരം അനുഭവിക്കുന്ന കടുത്ത ജലക്ഷാമം കാരണം മലിനജലം വരെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം ആണ് കോളറ ഭീതി ഉയർത്തുന്നത്. എന്നാൽ, കോളറ പടരുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.