കോവിഡ് പ്രതിരോധ വാക്സിനുകൾ ഹൃദയാഘാതത്തിന് കാരണമാകുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ

കോവിഡ് പ്രതിരോധ വാക്സിനുകൾ ഹൃദയാഘാതത്തിന് കാരണമാകുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ പഠനത്തെ ഉദ്ധരിച്ചാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ‘ഇന്ന് ആർക്കെങ്കിലും സ്ട്രോക്ക് ഉണ്ടായാൽ, അത് കോവിഡ് വാക്സിൻ കാരണമാണെന്ന് അവർ കരുതുന്നു. (കോവിഡ്) വാക്സിൻ ഹൃദയാഘാതത്തിന് ഉത്തരവാദിയല്ലെന്ന് ഐ സി എം ആർ വിശദമായ പഠനം നടത്തിയിട്ടുണ്ട്. ഒരാളുടെ ജീവിതശൈലി, പുകയിലയുടെയും മദ്യത്തിൻ്റെയും ഉപഭോഗം തുടങ്ങി ഹൃദയാഘാതത്തിന് നിരവധി കാരണങ്ങളുണ്ട്. ചിലപ്പോൾ, ആളുകൾക്കിടയിൽ തെറ്റായ വിവരങ്ങൾ പടരുകയും കുറച്ച് സമയത്തേക്ക് ഒരു ധാരണ രൂപപ്പെടുകയും ചെയ്യുന്നു’ എന്ന് മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി. 2023 നവംബറിൽ കോവിഡ് വാക്സിനുകൾ മൂലം ചെറുപ്പക്കാർക്കിടയിൽ പെട്ടെന്നുള്ള മരണം സംഭവിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ ഇല്ലാതാക്കുന്ന ഐസിഎംആർ പഠനം പുറത്തുവന്നിരുന്നു. വാക്സിനുകൾ ഹൃദയാഘാതത്തിന് ഉത്തരവാദികളല്ലെന്ന് പ്രസ്താവിക്കുന്ന പഠനം, പുകവലി, അമിതമായ മദ്യപാനം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ ജീവിതശൈലി ഘടകങ്ങൾ ഇത്തരത്തിലുള്ള രോഗങ്ങൾക്ക് സാദ്ധ്യത കൂട്ടുന്നുവെന്നും പറയുന്നു.