മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മുപ്പത്തിരണ്ടുകാരിക്ക് വെസ്റ്റ്നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചു

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മുപ്പത്തിരണ്ടുകാരിക്ക് വെസ്റ്റ്നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചു. സ്രവ പരിശോധനാഫലം വരുന്നതിനുമുൻപ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ചെയ്ത യുവതിയിൽ ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കടുത്ത പനിയും തലവേദനയും കാരണം കഴിഞ്ഞ 27-നാണ് ഇവരെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ സി.എസ്.എഫ്. സാംപിൾ കോഴിക്കോട് മെഡിക്കൽകോളേജിലെ വി.ഡി.ആർ. ലാബിലേക്ക് അയച്ചു. കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട്ടെ ലാബിൽനിന്ന് പരിശോധനാഫലം വന്നപ്പോഴാണ് ഇവർക്ക് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇവരെ ചൊവ്വാഴ്ച ആശുപത്രിയിലെത്തിച്ച് വീണ്ടും സ്രവ സാംപിൾ ശേഖരിക്കുമെന്നും, കൂടുതൽ കൃത്യമായ ഫലം ലഭിക്കുന്നതിനായി സാംപിൾ പുണെയിലെ വൈറോളജി ലാബിലേക്ക് അയക്കും. ഇവർക്കൊപ്പം പനി ബാധിച്ച് അമ്മയും ഭർത്താവും കുട്ടിയും ചികിത്സതേടിയിരുന്നെങ്കിലും ഇവരുടെ അസുഖം വേഗം ഭേദമായി. ഇവരുടെയും സ്രവ സാംപിളുകളും ചൊവ്വാഴ്ച ശേഖരിക്കും. അതെ സമയം ലാബ് റിപ്പോർട്ട് വരുന്നതിനുമുൻപ് രോഗിയെ ഡിസ്ചാർജ് ചെയ്തത് ഗുരുതരമായ മെഡിക്കൽ അനാസ്ഥയാണെന്ന് ആരോപണവും ഉയർന്നു വന്നിട്ടുണ്ട്.