കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമമെന്ന് റിപ്പോർട്ടുകൾ. മരുന്നുക്ഷാമം കാരണം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയുടെ ന്യായവില മെഡിക്കൽ ഷോപ്പ് വ്യാഴാഴ്ച മുതൽ അടച്ചു. സ്റ്റോക്ക് എടുപ്പ് നടക്കുന്നു എന്ന കാരണത്താലാണ് ഷോപ്പ് അടച്ചിട്ടത് എന്ന് അധികൃതർ വാദിക്കുന്നുണ്ടെങ്കിലും മരുന്ന് സ്റ്റോക്ക് കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് മാധ്യമ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ന്യായവില മെഡിക്കൽ ഷോപ്പ് അടച്ചുപൂട്ടിയതോടെ, രോഗികൾക്ക് വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുണ്ട്. അത്യാവശ്യമുള്ള മരുന്നുകൾ പോലും പുറത്ത് നിന്ന് വാങ്ങേണ്ട ഗതികേടിലാണ് നിർധനരായ രോഗികൾ. വൃക്ക രോഗികൾക്ക് ഡയാലിസിസിനുള്ള ഫ്ലൂയിഡും ഇഞ്ചക്ഷനും ന്യായവില മെഡിക്കൽ ഷോപ്പിൽ നിന്ന് ലഭ്യമാകാത്തതിനാൽ, വ്യാഴാഴ്ച ഡയാലിസിസ് നടത്താൻ കഴിയാതെ വന്നു. ഓർത്തോ വിഭാഗത്തിൽ നിന്നും വയർ സംബന്ധമായ അസുഖത്തിന് ചികിത്സ തേടിയെത്തിയവർക്കും മരുന്ന് ലഭിക്കാത്ത അവസ്ഥയാണ്. അതേസമയം സംസ്ഥാനത്ത് ആവശ്യമരുന്നുകൾ ആവശ്യാനുസരണം ലഭിക്കുന്നുണ്ട് എന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് വ്യക്തമാക്കിയിട്ടുള്ളത്. കുടിശ്ശിക കിട്ടാത്ത പ്രശ്നപരിഹാരത്തിന് വിതരണക്കാർ കലക്ടറുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും മുകളിലേക്ക് അറിയിക്കാമെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. പ്രശ്നപരിഹാരം ഉണ്ടാകാതെ ഇനി വിതരണമില്ലെന്ന നിലപാടിലാണ് വിതരണക്കാർ.