കോവിഡ് ഹൈപ്പർ വാക്‌സിനേഷൻ രോഗപ്രതിരോധ ശേഷിയെ ബാധിക്കില്ലെന്ന് പഠന റിപ്പോർട്ട്

കോവിഡ് ഹൈപ്പർ വാക്‌സിനേഷൻ രോഗപ്രതിരോധ ശേഷിയെ ബാധിക്കില്ലെന്ന് പഠന റിപ്പോർട്ട്. ജർമനിയിലെ ഫ്രെഡ്രിക്ക് അലക്‌സാണ്ടർ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ജർമനിയിൽ കോവിഡിനെതിരെ 217 തവണ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ച വ്യക്തിയിൽ നടത്തിയ പരിശോധനയുടെ കേസ് സ്റ്റഡി, ദി ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേണലിലാണ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പഠനത്തിൽ ഗവേഷകർ ഹൈപ്പർ വാക്‌സിനേഷൻ രോഗപ്രതിരോധ സംവിധാനത്തിൽ എന്ത് ഫലമുണ്ടാക്കും എന്നായിരുന്നു പരിശോധിച്ചത്. ഹൈപ്പർ വാക്‌സിനേഷൻ സ്വീകരിച്ച വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനം പൂർണമായും പ്രവർത്തനക്ഷമമാണെന്ന് ഗവേഷകർ പഠനത്തിൽ കണ്ടെത്തി. അമിതമായി ആന്റിജൻ ശരീരത്തിൽ എത്തുമ്പോൾ രോഗപ്രതിരോധ കോശങ്ങളുടെ ഫലപ്രാപ്തി കുറയ്ക്കുമെന്നായിരുന്നു ചില ഗവേഷകരുടെ വാദം. 217 തവണ വാക്‌സിൻ സ്വീകരിച്ച വ്യക്തിയുടെ രക്ത പരിശോധനയിൽ ധാരാളം ടി-എഫക്റ്റർ സെല്ലുകൾ രക്തത്തിൽ കണ്ടെത്തി. മൂന്ന് തവണ വാക്സിനേഷൻ സ്വീകരിച്ച ആളുകളുടെ നിയന്ത്രണ ഗ്രൂപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ അദ്ദേഹത്തിന് ടി-എഫക്റ്റർ സെല്ലുകളുടെ എണ്ണം കൂടുതൽ ഉണ്ടായിരുന്നു. ഈ ഇഫക്റ്റർ സെല്ലുകളെ ഹൈപ്പർ വാക്സിനേഷൻ ബാധിച്ചിട്ടില്ലെന്നും ഗവേഷകർ കണ്ടെത്തി.