കേരളത്തിൽ കുട്ടികൾക്കിടയിൽ മുണ്ടിനീര് വർധിക്കുന്നതായി റിപോർട്ടുകൾ. കഴിഞ്ഞ ആറ് ദിവസത്തിനിടെ 1649 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം മാത്രം 10,611 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ദേശീയ പ്രതിരോധകുത്തിവെപ്പ് പദ്ധതിപ്രകാരം കുറച്ചുവർഷങ്ങളായി മുണ്ടിനീരിന് വാക്‌സിൻ നൽകുന്നില്ല. എം.എം.ആർ. (മംപ്‌സ്, മീസിൽസ്, റുബല്ല)വാക്‌സിന് പകരം ഇപ്പോൾ എം.ആർ. വാക്‌സിനാണ് (മീസിൽസ്, റുബല്ല) സർക്കാർ സംവിധാനം വഴി നൽകുന്നത്. പ്രതിരോധ കുത്തിവെപ്പ് കിട്ടാത്തതാണ് പകർച്ചവ്യാധി വ്യാപനത്തിന് കാരണമെന്നാണ് വിലയിരുത്തൽ. രോഗം അപകടകാരിയല്ലെങ്കിലും ചില കുട്ടികളിൽ കിടത്തിച്ചികിത്സ ആവശ്യമായി വരുന്നതായി കോഴിക്കോട് മെഡിക്കൽ കോളേജ് ശിശുരോഗവിഭാഗം പ്രൊഫസർ ഡോ. എം. വിജയകുമാർ ഒരു മാധ്യമത്തോട് പ്രതികരിച്ചു.