ആട് ജീവിതം എന്ന സിനിമയിലെ പൃഥ്വിരാജിന്റെ അത്ഭുതപ്പെടുത്തുന്ന ശാരീരികമാറ്റമാണ് ചർച്ചയായിരിക്കുന്നത്

ആട് ജീവിതം എന്ന സിനിമയിലെ പൃഥ്വിരാജിന്റെ അത്ഭുതപ്പെടുത്തുന്ന ശാരീരികമാറ്റമാണ് ഇപ്പോൾ സിനിമ കണ്ട് ഇറങ്ങുന്നവർക്കിടയിൽ ചർച്ചയായിരിക്കുന്നത്. തന്റെ മാറ്റത്തിനുപിന്നിൽ തീവ്രമായ മാനസിക-ശാരീരികാധ്വാനത്തിന്റെ കഥയുണ്ടെന്നും പൃഥ്വിരാജ് മാധ്യമങ്ങളോട് പങ്കു വെച്ചിരുന്നു. കുറഞ്ഞകാലയളവിനുള്ളിൽ ഞെട്ടിക്കുന്ന തരത്തിൽ വണ്ണംകുറച്ചതിനു പിന്നിൽ വെല്ലുവിളികളേറെയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പരിചയമില്ലാതിരുന്ന ഡയറ്റും വർക്കൗട്ടുമൊക്കെയായി കഠിനമായ കാലമായിരുന്നു അതെന്നു പറയുകയാണ് താരം. ആടുജീവിതത്തിനുവേണ്ടി എട്ടുമാസക്കാലത്തെ എക്സ്ട്രീം ഡയറ്റും വർക്കൗട്ടുമൊക്കെയാണ് തന്നെ സിനിമയിൽ കാണുന്ന രൂപത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കാർഡിയോ വാസ്കുലാർ വ്യായാമങ്ങളും, ഒപ്പം കലോറിയുടെ അളവ് കുറച്ചതും, ഭക്ഷണം കഴിക്കാതിരിക്കലായിരുന്നു പ്രധാനം. പതിനാറുമണിക്കൂർ ഭക്ഷണം കഴിക്കാതിരിക്കുകയും എട്ടുമണിക്കൂർ കഴിക്കുകയും ചെയ്യുന്ന രീതിയാണ് താൻ സ്വീകരിച്ചിരുന്നത്. ആടുജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരു സീനെടുക്കുന്നതിന് മുമ്പ് 72 മണിക്കൂർ ഭക്ഷണം കഴിക്കാതെയിരുന്നിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഇനി ഭാരം കുറക്കരുതെന്നു ഡോക്ടർമാർ നിർദേശിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.