വയനാട് ജില്ലയിലെ നായകളിൽ പാർവോ വൈറസ് രോഗം വ്യാപിക്കുന്നതായി റിപ്പോർട്ട്. ജില്ലയിലെ മൃഗാശുപത്രികളിൽ പാർവോ രോഗം ബാധിച്ചെത്തുന്ന നായകളുടെ എണ്ണം കഴിഞ്ഞ ഒന്നരമാസമായി ക്രമാതീതമായി വർധിച്ചതായി മൃഗസംരക്ഷണവകുപ്പ് വ്യക്തമാക്കി. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നാലായിരത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തു. വൈറസുകൾ ശരീരത്തിലെത്തി ഒരാഴ്ചയ്ക്കകം നായകളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. വിശപ്പില്ലായ്മ, പനി, ക്ഷീണം, ശരീരതളർച്ച, വയറു വേദന, സദാസമയം തണുപ്പുള്ള തറയിൽ കിടക്കൽ, രക്തസ്രാവം എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾ. തുടർച്ചയായ ഛർദി, വയറിളക്കം, ദഹിച്ച് രക്തംകലർന്ന കറുത്തനിറത്തിൽ ദുർഗന്ധത്തോടുകൂടിയ മലം തുടങ്ങിയ ലക്ഷണങ്ങളും ഒന്നു രണ്ട് ദിവസത്തിന് ഉള്ളിൽ പ്രകടമാകും. ആറ് ആഴ്ചമുതൽ ആറുമാസംവരെ പ്രായമുള്ള നായകളിലാണ് രോഗബാധ കൂടുതലും കണ്ടുവരുന്നത്. നിർജലീകരണം സംഭവിക്കുന്നതിനാൽ രോഗം ബാധിച്ച നായകൾക്ക് അടിയന്തരചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം സംഭവിക്കും. തീരെച്ചെറിയ നായക്കുട്ടികളിൽ പാർവോ രോഗാണു ആദ്യഘട്ടത്തിൽത്തന്നെ ഹൃദയകോശങ്ങളെ ഗുരുതരമായി ബാധിക്കുകയും ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുമ്പുതന്നെ മരണം സംഭവിക്കാനും സാധ്യതകൾ ഉണ്ട്. വൈറസ് രോഗമായതിനാലും തെരുവുനായകളിലും ഒപ്പം വളർത്തുനായകളിലും രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാലും പ്രതിരോധകുത്തിവെപ്പെടുക്കുക മാത്രമാണ് പ്രതിവിധിയെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസറും, അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ട് ജില്ലാ കോ-ഓർഡിനേറ്ററുമായ ഡോ. കെ. ജയരാജ് വ്യക്തമാക്കി.