സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരുടേയും രോഗികളുടേയും ആശുപത്രികളുടേയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കോഡ് ഗ്രേ പ്രോട്ടോകോൾ പുറത്തിറക്കിയ സർക്കാർ തീരുമാനം സ്വാഗതാർഹമെന്നു കെ.ജി.എം.ഒ. എ. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം വർദ്ധിപ്പിക്കാനും കൂടുതൽ ആത്മവിശ്വാസത്തോടെ കർമ്മനിരതരാവാൻ അവരെ പ്രാപ്തരാക്കാനും വഴി തെളിക്കുന്ന ഈ തീരുമാനം കൈക്കൊണ്ടതിൽ സർക്കാരിനെ അഭിനന്ദിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി പ്രസ്തുത വിഷയത്തിൽ പുലർത്തിയ നിതാന്ത ജാഗ്രതയും ശ്രദ്ധയുമാണ് ഇത് നടപ്പിലാകുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് എന്ന് എടുത്തു പറയേണ്ടതാണ്. പ്രോട്ടോകോൾ രൂപീകരണത്തിൽ സംഘടനയുടെ കാതലായ നിർദ്ദേശങ്ങൾ ഉള്പെടുത്തിയതിൽ കെ ജി എം ഓ എ സന്തോഷം പങ്കുവെച്ചു. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി 2012ലെ ആശുപത്രി സംരക്ഷണ നിയമം,2023 ൽ കൂടുതൽ ശക്തിമത്തായ രീതിയിൽ ഭേദഗതി ചെയ്യപ്പെട്ടതിൻ്റെ തുടർച്ചയായാണ് കോഡ് ഗ്രേ പ്രോട്ടോക്കോൾ.