കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോർട്ട്. ഡയാലിസിസിനെത്തുന്ന രോഗികൾക്ക് ആവശ്യമായ സാധനങ്ങളെല്ലാം പുറത്തുനിന്ന് വാങ്ങേണ്ട സാഹചര്യമാണ്. വിതരണക്കാരുടെ സമരം കാരണം ആശുപത്രിയിൽ സർജിക്കൽ വസ്തുക്കൾക്കും മരുന്നിനും ക്ഷാമം രൂക്ഷമായി തുടരുന്നു. എന്നാൽ ഈ വിഷയത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഇടപെടൽ ഒന്നും ഉണ്ടായിട്ടില്ല. സൗജന്യമായി ഡയാലിസ് പൂർത്തിയാക്കി മടങ്ങാറുള്ള പല രോഗികൾക്കും ഇത്തവണ ചെലവ് മരുന്ന് ക്ഷാമം ഇരുട്ടടിയായിട്ടുണ്ട്. ഡയാലിസിസ് മുടങ്ങുമെന്നതിനാൽ പിരിവുനടത്തിപോലും പണം കണ്ടെത്തേണ്ട ഗതികേടിലാണ് രോഗികൾ. കുടിശികയായ 75 കോടി രൂപ ലഭിക്കാത്തതിനെത്തുടർന്ന് വിതരണക്കാർ മരുന്നും സർജിക്കൽ വസ്തുക്കളും നൽകുന്നത് നിർത്തിയിട്ട് ഒരാഴ്ചയായി. വിവിധ ശസ്ത്രക്രിയക്കാവശ്യമായ ഇംപ്ലാൻറുകളും ആശുപത്രിയിൽ ഇല്ല. ഫണ്ടില്ലെന്ന മറുപടിക്കപ്പുറം ആശുപത്രിയും ആരോഗ്യവകുപ്പും ബദൽമാർഗങ്ങളൊന്നും സ്വീകരിച്ചിട്ടില്ല. ഇതുവരെയും പണം ലഭിക്കാത്തതിനാൽ സമരം സംസ്ഥാന വ്യാപകമാക്കാനുള്ള നീക്കത്തിലാണ് വിതരണക്കാരുടെ സംഘടന.