എറണാകുളം ജില്ലയില്‍ ആദ്യമായി അത്യപൂര്‍വ ലൈം രോഗം റിപ്പോര്‍ട്ട് ചെയ്തു

എറണാകുളം ജില്ലയില്‍ ആദ്യമായി അത്യപൂര്‍വ ലൈം രോഗം റിപ്പോര്‍ട്ട് ചെയ്തു. എറണാകുളത്തെ സ്വകര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56-കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. പനിയും വലത് കാല്‍മുട്ടില്‍ നീര്‍വീക്കവുമായി രോഗിയെ കഴിഞ്ഞ ഡിസംബര്‍ ആറിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപസ്മാര ലക്ഷണം പ്രകടിപ്പിച്ചതോടെ നട്ടെല്ലില്‍ നിന്നുള്ള സ്രവം പരിശോധിച്ചപ്പോള്‍ മെനഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ലൈം രോഗമാണെന്ന് സ്ഥിരീകരിച്ചത്. ലൈം രോഗത്തിനുള്ള ചികിത്സ ആരംഭിച്ചതോടെ ആരോഗ്യം മെച്ചപ്പെടുകയും ഡിസംബര്‍ 26-ന് രോഗി ആശുപത്രി വിടുകയും ചെയ്തു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലും രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്. ഒരു പ്രത്യേകതരം ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെയാണ് ഈ ബാക്ടീരിയ മനുഷ്യ ശരീരത്തിലെത്തുന്നത്. ചെള്ളുകടിച്ച പാട്, ചര്‍മത്തില്‍ ചൊറിച്ചിലും തടിപ്പും തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. ചെള്ളുകടിച്ച് മൂന്നു മുതല്‍ മുപ്പതുദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. ചര്‍മത്തിലെ ചൊറിച്ചിലിനും പാടിനുമൊപ്പം പനി, തലവേദന, അമിതക്ഷീണം, സന്ധിവേദന തുടങ്ങിയവ ആദ്യഘട്ടത്തില്‍ പ്രകടമാകാം. ലൈം ഡിസീസ് ബാധിച്ച പലര്‍ക്കും ചെള്ളുകടിയേറ്റ് തിരിച്ചറിയാന്‍ വൈകുന്നതാണ് സ്ഥിതി വഷളാക്കുന്നത്. രക്തപരിശോധനയ്‌ക്കൊടുവിലാണ് രോഗസ്ഥിരീകരണം നടത്തുന്നത്. രോഗത്തിന്റെ ഘട്ടം ഏതാണെന്നതിന് അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുക. ആന്റിബയോട്ടിക് ഉപയോഗിച്ചുള്ള ചികിത്സാരീതിയാണ് പൊതുവെ നല്‍കാറുള്ളത്.