തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടറുടെ മരണം; ആത്മഹത്യ കുറിപ്പ് കണ്ടെടുത്ത്

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്‌ടറെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ യുവതിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്ത് പൊലീസ്. മടുത്തതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്നും തൻറെ ആത്മഹത്യക്കു പിന്നിൽ മറ്റാരുമില്ലെന്നുമാണ് ആത്മഹത്യ കുറിപ്പിൽ ഉള്ളത്. താമസസ്ഥലത്തു നിന്നാണ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തത്. മെഡിക്കൽ കോളേജ് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ഷാകർത്താക്കളോ ബന്ധുക്കളോ പരാതി നൽകിയിട്ടില്ല. ബന്ധുക്കളോടു സംസാരിച്ചെന്നും അവരാരും പരാതികളോ സംശയങ്ങളോ പറഞ്ഞിട്ടില്ലെന്നും കേസന്വേഷിക്കുന്ന മെഡിക്കൽ കോളേജ് പോലീസ് ഇൻസ്‌പെക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു. ജോലിസ്ഥലത്തും വീട്ടിലും അഭിരാമിക്കു പ്രശ്‌നങ്ങളൊന്നുമുള്ളതായി അറിയില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. എന്നാൽ, ആത്മഹത്യ ചെയ്യാനുള്ള കാരണം അറിയണമെന്നും മറ്റു പരാതികളൊന്നുമില്ലെന്നും അഭിരാമിയുടെ ബന്ധു പറഞ്ഞു. അമിത അളവിൽ അനസ്‌തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണത്തിന് കാരണമായത് എന്നായിരുന്നു പ്രാഥമിക നിഗമനം. കുടുംബ പ്രശ്‌നങ്ങളാണോ, മറ്റെന്തെങ്കിലുമാണോ ആത്മഹത്യക്ക് പിന്നിലെ കാരണം എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. തിരുവനന്തപുരം വെള്ളനാട് സ്വദേശിയായ അഭിരാമിയെ മെഡിക്കൽ കോളേജിനു സമീപം പി ടി ചാക്കോ നഗറിലെ ഫ്‌ളാറ്റിൽ ഇക്കഴിഞ്ഞ 26 വൈകിട്ടോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ റസിഡൻറ് ആയിരുന്നു അഭിരാമി.