മുഖക്കുരുവിനെതിരെ ഉപയോഗിക്കുന്ന ക്രീമുകളില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതായി പഠന റിപ്പോര്‍ട്ട്. അമേരിക്കയിലെ ഒരു സ്വതന്ത്ര ലാബോറട്ടറിയാണ് പഠനം നടത്തിയത്. കാന്‍സറിന് കാരണമാകുന്ന ബെന്‍സീന്‍ എന്ന രാസവസ്തുവാണ് ഇത്തരം ക്രീമുകളില്‍ ഗവേഷകര്‍ കണ്ടെത്തിയത്. ബെന്‍സോയില്‍ പെറോക്സൈഡ് എന്ന രാസവസ്തു അടങ്ങിയ ഇത്തരം ക്രീമുകള്‍ വിപണിയില്‍ നിന്ന് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വാലിഷോര്‍ ലബോറട്ടറിയിലെ ഗവേഷകര്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം ക്രീമുകളിലെ ബെന്‍സോയില്‍ പെറോക്സൈഡ് കാലക്രമേണ ബെന്‍സീനായി വിഘടിക്കുന്നു. അതാണ് അപകടമുണ്ടാക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ബെന്‍സോയില്‍ പെറോക്സൈഡ് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ധാരാളമെത്തുന്നുണ്ട്. ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ഒന്നും അറിയാതെ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നുമുണ്ട്. ഇതെല്ലാം അര്‍ബുദ രോഗം പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കും, എന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. വാലിഷോര്‍ ലബോറട്ടറിയുടെയും മറ്റ് വിദഗ്ധരുടെയും അഭിപ്രായങ്ങള്‍ പരിശോധിച്ച് വരികയാണെന്നും വിഷയം ഗൗരവതരമായി പരിഗണിക്കുമെന്നും എഫ്ഡിഎ അധികൃതര്‍ വ്യക്തമാക്കി.