പാലക്കാട് സ്വദേശിനി പത്താം ക്ലാസുകാരിയുടെ ആമാശയത്തിൽ നിന്ന് നീക്കം ചെയ്തത് രണ്ടു കിലോ മുടി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സങ്കീർണമായ ശസ്ത്രക്രിയ നടത്തിയത്. സർജറി വിഭാഗം പ്രൊഫസർ ഡോ. വൈ. ഷാജഹാന്റെ നേതൃത്വത്തിൽ ആണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയിലൂടെ 30 സെന്റീമീറ്റർ നീളവും 15 സെന്റീമീറ്റർ വീതിയും ഉള്ള മുടികെട്ടാണ് പുറത്തെടുത്തത്. ആമാശയത്തിന്റെ അതേരൂപത്തിലാണ് ഇതുണ്ടായിരുന്നത്. വിളർച്ചയും ഭക്ഷണം കഴിക്കാനുള്ള വിമുഖതയുമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് സർജറി വിഭാഗം ഡോക്ടറെ കാണാൻ കുട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. എത്തുന്നതുവരെ ഈ രോഗത്തെക്കുറിച്ച് കുട്ടിക്കോ മാതാപിതാക്കൾക്കോ ഒരു വിവരവും ഉണ്ടായിരുന്നില്ല. കുട്ടിയുടെ തലയിൽ പലയിടങ്ങളിലായി മുടി കൊഴിഞ്ഞതിന്റെ ലക്ഷണം കണ്ടതോടെ ഡോക്ടർ കൂടുതൽ പരിശോധനകൾ നടത്തി. വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം ഡോക്ടർ അതിസങ്കീർണമായ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശസ്ത്രക്രിയക്കുശേഷം കുട്ടി പൂർണ ആരോഗ്യവതിയാണെന്ന് ആശുപത്രി അധികൃതർ വ്യതമാക്കി.