കണ്ണ് നീക്കം ചെയ്യാതെ കണ്ണിന്റെ കാഴ്ച നിലനിർത്തിക്കൊണ്ടുള്ള കാൻസർ ചികിത്സയിൽ അപൂർവ നേട്ടം കൈവരിച്ച് തലശ്ശേരി മലബാർ കാൻസർ സെന്റർ. കണ്ണിലെ കാൻസർ ചികിത്സിക്കാനുള്ള ഒക്യുലാർ പ്ലാക് ബ്രാക്കിതെറാപ്പി ചികിത്സ എം.സി.സി.യിൽ വിജയകരമായി നടത്തി. യുവിയൽ മെലനോമ ബാധിച്ച 55 വയസുകാരിയിലാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ഇറക്കുമതി ചെയ്ത പ്ളാക്കുകളേക്കാൾ വളരെ കുറഞ്ഞ ചെലവിൽ ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ തദ്ദേശീയമായി നിർമ്മിച്ച റുഥേനിയം 106 പ്ലാക് ഉപയോഗിച്ചാണ് ചികിത്സ നടത്തിയത്. ചികിത്സയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും അഭിനന്ദിച്ചു. കേരളത്തിൽ ഇത്തരമൊരു ചികിത്സ ആദ്യമായാണ് നടത്തുന്നത്. ഇതോടെ ഈ ചികിത്സ നടത്തുന്ന ഇന്ത്യയിലെ നാലാമത്തെ സർക്കാർ ആശുപത്രിയായി എം.സി.സി. മാറി. എം.സി.സി.യിലെ ഒക്യുലാർ ഓങ്കോളജി വിഭാഗവും റേഡിയേഷൻ ഓങ്കോളജി വിഭാഗവും ചേർന്നാണ് ഈ ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.