കാൻസർ തിരിച്ചുവരവിനെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടെത്തി ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്. പത്തുവർഷത്തെ ഗവേഷണത്തിനൊടുവിലാണ് ക്യാൻസർ ചികിത്സാരംഗത്ത് മാറ്റം സൃഷ്ടിക്കാൻ സാധിക്കുന്ന ഈ മരുന്ന് കണ്ടെത്തിയതെന്ന് ഗവേഷകർ പറയുന്നു. ഡോക്ടർമാർ റെസവിറേട്രോൾ, കോപ്പർ എന്നിവയടങ്ങിയ പ്രോ-ഓക്സിഡന്റ് ടാബ്ലറ്റുകൾ വികസിപ്പിച്ച് എലികൾക്ക് നൽകിയാണ് ഗവേഷണം നടത്തിയത്. ‘R+Cu’ ഗുളികയുടെ രൂപത്തിൽ കഴിക്കുമ്പോൾ ഇത് കാൻസർ കോശങ്ങളെ ഒരിടത്തുനിന്ന് മറ്റൊരിടത്തിലേക്ക് ചലിക്കുന്നത് തടയും.
‘R+Cu-വിന്റെ മാജിക്ക് അഥവാ Magic of R+Cu എന്നാണ് ഗവേഷകർ ഈ ചികിത്സാരീതിയെ വിശേഷിപ്പിക്കുന്നത്. കാൻസർ ചികിത്സാരീതിയുടെ പാർശ്വഫലങ്ങളെ അമ്പതുശതമാനമായി കുറയ്ക്കുന്ന ഈ ഗുളിക രണ്ടാംതവണ കാൻസർ ബാധിക്കുന്നതിനെ മുപ്പതുശതമാനം പ്രതിരോധിക്കുമെന്നും ഗവേഷകർ പറയുന്നുണ്ട്. പാൻക്രിയാസ്, ശ്വാസകോശം, വായ തുടങ്ങിയവയെ ബാധിക്കുന്ന കാൻസറുകൾക്ക് ഫലപ്രദമാണ് ഈ മരുന്നെന്നും പറയുന്നുണ്ട്. ഫുഡ് സേഫ്റ്റി& സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി ലഭിക്കുന്നതോടെ ജൂൺ-ജൂലൈ മുതൽ മരുന്ന് വിപണിയിലെത്തും. പൊതുവേ കാൻസർ ചികിത്സകൾ ലക്ഷങ്ങളുടെ ബാധ്യത സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഈ മരുന്ന് വെറും നൂറുരൂപയ്ക്ക് ലഭ്യമാകുമെന്നും ഗവേഷകർ പറയുന്നു.