സ്ട്രോക്ക് ബാധിച്ചവരിൽ ഡിമെൻഷ്യ സാധ്യത 80 ശതമാനം കൂടുതലെന്ന് പഠന റിപ്പോർട്ട്. സ്ട്രോക്ക് ഉണ്ടായതിനുശേഷമുള്ള ആദ്യവർഷം ഡിമെൻഷ്യക്കുളള സാധ്യത മൂന്നുമടങ്ങ് കൂടുതലാണെന്നും പഠനം പറയുന്നു. സ്ട്രോക്കിനു ശേഷമുള്ള അഞ്ചുവർഷത്തിനിടയിൽ ഡിമെൻഷ്യ അപകടസാധ്യത 1.5 മടങ്ങായി കുറയുന്നുണ്ടെന്നും 20 വർഷത്തിനുശേഷം വീണ്ടും കൂടുതലായി കാണുന്നുണ്ടെന്നും ഗവേഷകർ പറയുന്നു. മക്മാസ്റ്റർ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഒന്റാറിയോ, കാനഡ തുടങ്ങിയവിടങ്ങളിൽ നിന്നുള്ള 15 ദശലക്ഷത്തോളം പേരുടെ ഡേറ്റകൾ വിലയിരുത്തിയാണ് പഠനം നടത്തിയത്. സ്ട്രോക്ക് ഉണ്ടായിട്ടുള്ളവരിൽ മറവിരോഗം സംബന്ധിച്ച പരിശോധനകൾ കൂടുതൽ ഫലപ്രദമാക്കണമെന്നാണ് ഗവേഷകർ പഠനത്തിലൂടെ വ്യക്തമാക്കുന്നത്.