പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം ഏകാഗ്രത മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനം റിപ്പോർട്ട്. ഡെൻമാർക്കിലെ ആർഹസ് സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റിലെ അസോസിയേറ്റ് പ്രൊഫസറായ മെറ്റെ ഹാൻസെൻ ആണ് പഠനത്തിന് നേതൃത്വം നൽകിയത്. വിവിധ തരത്തിലുള്ള പ്രഭാതഭക്ഷണങ്ങൾ ഉൾപെടുത്തികൊണ്ട് ആണ് പഠനം നടത്തിയത്. 18 നും 30 നും ഇടയിൽ പ്രായമുള്ള 30 അമിതവണ്ണമുള്ള സ്ത്രീകൾ പഠനത്തിൽ പങ്കെടുത്തു. പഠനസമയത്ത് , സ്ത്രീകൾ പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണവും കാർബോഹൈഡ്രേറ്റ് അടങ്ങിയ പ്രഭാതഭക്ഷണവും ആണ് കഴിച്ചത്. സ്ത്രീകളിലെ വിശപ്പ്, ഹോർമോണുകളുടെ അളവ്, ഊർജ്ജ ഉപഭോഗം എന്നിവ ഉച്ചഭക്ഷണസമയത്ത് പരിശോധിച്ചു. അവരുടെ ദൈനംദിന ഊർജ്ജ ഉപഭോഗവും പഠനത്തിൽ പരിശോധിച്ചു. കലോറിയുള്ള കാർബോഹൈഡ്രേറ്റ് അടങ്ങിയതും ഉയർന്ന കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങളെ അപേക്ഷിച്ച് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവർക്ക് വിശപ്പ് കുറയുകയും ഏകാഗ്രത വർദ്ധിക്കുന്നതായും പഠനത്തിൽ ഗവേഷകർ കണ്ടെത്തി.