ഓപ്പറേഷൻ തിയേറ്ററിനകത്ത് വച്ച് റീൽസ്; മൂന്ന് നഴ്സുമാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിനകത്ത് വച്ച് ഡാൻസ് ചെയ്യുന്ന റീൽസ് പങ്കുവെച്ച മൂന്ന് നഴ്സുമാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഛത്തീസ്ഗഢിലെ റായ്പൂരിലുള്ള സർക്കാർ ആശുപത്രിയിലാണ് സംഭവം. ഇക്കഴിഞ്ഞ അഞ്ചിനാണ് ആശുപത്രിയിലെ ‘ബേൺ ആൻറ് പ്ലാസ്റ്റിക് സർജറി യൂണിറ്റി’ലെ ഓപ്പറേഷൻ തിയേറ്ററിനകത്ത് കയറി ഇവർ ഡാൻസ് റീൽസ് എടുത്തത്.

ഇത് പിന്നീട് വലിയ വിവാദമാവുകയായിരുന്നു. ആശുപത്രിയിൽ വച്ച് ജീവനക്കാർ ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്ന് പറഞ്ഞ് ഒരു വിഭാഗം കാഴ്ചക്കാർ രംഗത്തെത്തി. ഓപ്പറേഷൻ തിയേറ്ററിനകത്താണ് ഡാൻസ്, എന്നതാണ് മറ്റൊരു വിഭാഗത്തെ ചൊടിപ്പിച്ചത്. എന്നാൽ ആശുപത്രിയിലാണെങ്കിലും എമർജൻസ് കേസുകളില്ലാത്തപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നതിൽ തെറ്റില്ല, അത് രോഗികൾക്കും ആശ്വാസമാണെന്ന വാദം പങ്കുവച്ചവരും ഉണ്ട്. വീഡിയോ വൈറലാവുകയും, ചർച്ചയാവുകയും ചെയ്തതോടെ ആശുപത്രി അധികൃതർ ഇവർക്കെതിരെ നടപടിയെടുക്കുകയായിരുന്നു. ഓപ്പറേഷൻ തിയേറ്ററിൽ കയറി റീൽസ് ചെയ്തതിന് ദിവസവേതനക്കാരായ നഴ്സുമാരെ മൂന്ന് പേരെയും പിരിച്ചുവിട്ടതായാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്.