നാൽപതിനുമുമ്പേ പുകവലി നിർത്തുകയാണെങ്കിൽ പുകവലിക്കാത്തവരെപ്പോലെ ആയുർദൈർഘ്യമുണ്ടാകുമെന്ന് പഠന റിപ്പോർട്ട്. NEJM എവിഡൻസ് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ടൊറന്റോ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അമേരിക്ക, ബ്രിട്ടൻ, കാനഡ, നോർവേ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 1.5 ദശലക്ഷം പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. പതിനഞ്ചുവർഷത്തോളം ഇവരുടെ വിവരങ്ങൾ ശേഖരിച്ചു. ഒരിക്കലും പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിശീലമുള്ള നാൽപതിനും എഴുപത്തിയൊമ്പതിനും ഇടയിൽ പ്രായമുള്ളവരിൽ മരണസാധ്യത മൂന്ന് മടങ്ങു കൂടുതലെന്ന് പഠനത്തിൽ കണ്ടെത്തി. മുൻപ് പുകവലിച്ചിരുന്ന, പിന്നീട് നിർത്തിയവരിൽ ശ്വാസകോശസംബന്ധമായ രോഗങ്ങളും കുറയുന്നതായി ഗവേഷകർ പഠനത്തിലൂടെ വ്യക്തമാക്കുന്നു.