കുറഞ്ഞ ബീജസംഖ്യയുള്ള പുരുഷന്മാർക്ക് ക്യാൻസർ വരാനുള്ള സാധ്യത കൂടുതലെന്ന് പഠന റിപ്പോർട്ട്. യുഎസിലെ ‘യൂറ്റാ യൂണിവേഴ്സിറ്റി’യില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. കുറവ് ബീജം ഉൽപ്പാദിപ്പിക്കുകയോ ബീജം ഇല്ലാതിരിക്കുകയോ ചെയ്യുന്ന പുരുഷന്മാരുടെ കുടുംബങ്ങളിൽ ക്യാൻസറിനുള്ള അപകടസാധ്യത കൂടുതലായി ഗവേഷകർ കണ്ടെത്തി. ബീജം ഉൽപ്പാദിപ്പിക്കാത്ത പുരുഷന്മാരുടെ കുടുംബങ്ങളിൽ അസ്ഥികളിലും സന്ധികളിലും അർബുദം ഉണ്ടാകാനുള്ള സാധ്യത 156 ശതമാനം വർദ്ധിച്ചതായി പഠനത്തിൽ കണ്ടെത്തി. ലിംഫ് ക്യാൻസര്‍ (60 ശതമാനം), സോഫ്റ്റ് ടിഷ്യൂ ക്യാൻസര്‍ (56 ശതമാനം), തൈറോയ്ഡ് ക്യാൻസര്‍ (54 ശതമാനം) എന്നിങ്ങനെയുള്ള സാധ്യതകളും ഇവരില്‍ ഗവേഷകര്‍ കണ്ടെത്തി. 21 വര്‍ഷത്തിലധികം നീണ്ട പഠനമാണ് ഇതിനായി ഗവേഷര്‍ നടത്തിയത്. കാൻസറിലും വന്ധ്യതയിലും ഉൾപ്പെട്ടിരിക്കുന്ന ജൈവ സംവിധാനങ്ങളെക്കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്താൻ ഈ കണ്ടെത്തലുകൾക്ക് കഴിയുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ജേർണൽ ഓഫ് ഹ്യൂമൻ റീപ്രൊഡക്ഷനിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.