പ്രശസ്ത സൈക്ലിസ്റ്റ് അനിൽ കാഡ്സുർ ഹൃദയാഘാതം മൂലം മരിച്ച സംഭവത്തിൽ അമിതവ്യായാമം കാരണമായിരിക്കാമെന്ന് ആരോഗ്യ വിദഗ്ദ്ധൻ. ദിവസവും 100 കിലോമീറ്റർ സവാരിക്കായി ഏഴുമണിക്കൂറോളം സൈക്കിളോടിക്കുന്നുണ്ടായിരുന്നു അനിലെന്ന് ഹൈദരാബാദിൽ നിന്നുള്ള ഡോക്ടറായ സുധീർ കുമാർ ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു. ഗവേഷണങ്ങൾ പ്രകാരം U ആകൃതിയിലാണ് വ്യായാമത്തിന്റെ ഫലമെന്നും അദ്ദേഹം പറയുന്നു. തുടക്കത്തിൽ ഗുണമാണ് ചെയ്യുക, പക്ഷേ ശരീരത്തിന് വേണ്ടതിലുമധികം ആകുമ്പോൾ ആരോഗ്യത്തെ ബാധിക്കുകയും മരണനിരക്ക് കൂടുകയുമാണ് ചെയ്യുക. അനിലിന്റെ കാര്യത്തിൽ വിശ്രമത്തിന് സ്ഥാനമില്ലായിരുന്നു. ദിവസവും വ്യായാമം ചെയ്യുന്നവരിൽ ആഴ്ച്ചയിലൊരിക്കലെങ്കിലും വിശ്രമം വേണമെന്നാണ് പഠനങ്ങൾ പറയുന്നത്. അല്ലാത്തപക്ഷം മരണനിരക്ക് കൂട്ടുമെന്നും അദ്ദേഹം പറയുന്നു. വ്യായാമം അതിരുവിടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കഠിനമായ വ്യായാമത്തിൽ നിന്ന് ആഴ്ച്ചയിലൊരിക്കൽ വിശ്രമം നൽകണമെന്നും അദ്ദേഹം വ്യക്തമമാക്കി. ശരീരത്തെ അറിഞ്ഞ് വ്യായാമം ചെയ്യുന്നവരുടെ ജീവൻ അപകടത്തിലാകില്ല. ഡോക്ടറുടെയോ, വിദഗ്ധപരിശീലകരുടെ നിര്‍ദേശത്തോടെയായിരിക്കണം വ്യായാമങ്ങള്‍ എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.