പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 50 കോടി രൂപയുടെ വികസനം. ക്രിട്ടിക്കൽ കെയർ സംവിധാനം, ഒപി ബ്ലോക്ക് എന്നിവയുടെ ശിലാസ്ഥാപനവും പ്രവർത്തനസജ്ജമായ പീഡിയാട്രിക് ഐസിയു, എച്ച്.ഡി.യു. & വാർഡ്, ബ്ലഡ് ബാങ്ക്, എക്‌സ്‌റേ യൂണിറ്റ്, മാമോഗ്രാം, ഇ ഹെൽത്ത് എന്നിവയുടെ ഉദ്‌ഘാടനവും ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു. ശബരിമല ബേസ് ആശുപത്രിയായി വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ജനറൽ ആശുപത്രിയെ മികച്ച സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനാണ് സർക്കാർ പരിശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. 22.16 കോടി രൂപ മുതൽ മുടക്കി നിർമിക്കുന്ന കെട്ടിടത്തിൽ 20 ഒപി മുറികൾ, മൈനർ ഓപ്പറേഷൻ തീയറ്റർ, വാർഡുകൾ, ഒബ്‌സർവേഷൻ മുറികൾ, ഫാർമസി, റിസപ്ഷൻ, ലിഫ്റ്റ് സൗകര്യങ്ങളും ഉണ്ടാകും, കൂടാതെ 23.75 കോടി രൂപ ചെലവഴിച്ച് പുതിയ ക്രിട്ടിക്കൽ കെയർ ബ്ലോക്ക്, 34 ലക്ഷം രൂപ ഉപയോഗിച്ച് പീഡിയാട്രിക് ഐസിയു, എച്ച്ഡിയു & വാർഡ്, വെന്റിലേറ്റർ, കേന്ദ്രീകൃത ഓക്‌സിജൻ തുടങ്ങിയ സൗകര്യങ്ങൾ ആണ് സജ്ജമാക്കിയിരിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ബി & സി ബ്ലോക്ക് ഒന്നാം നിലയിൽ ബ്ലഡ് ബാങ്ക്, 2 ഹെ എൻഡ് എക്‌സ്‌റേ മെഷീനുകൾ, സ്തനാർബുദം പോലുളള രോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി മാമോഗ്രാം മെഷീൻ, എന്നിവയും സജ്ജമാണ്. പി കൗണ്ടറിലും ഐ.പി ബില്ലിംഗിലുമാണ് ആദ്യഘട്ടമായി ഇ-ഹെൽത്ത് സംവിധാനം നടപ്പിലാക്കിയിരിക്കുന്നതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.