ഇന്ത്യയിൽ എൻഡോമെട്രിയോസിസ് മൂലമുള്ള ദുരിതം അനുഭവിക്കുന്നത് 43 ദശലക്ഷം സ്ത്രീകൾ

ഇന്ത്യയിൽ എൻഡോമെട്രിയോസിസ് മൂലമുള്ള ദുരിതം അനുഭവിക്കുന്നത് 43 ദശലക്ഷം സ്ത്രീകൾ എന്ന് പഠനം. ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ​ഗ്ലോബൽ ഹെൽത്തിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ആർത്തവവേദനയെ നിസ്സാരമായി കാണുന്നതും എൻഡോമെട്രിയോസിസ് സംബന്ധിച്ച അവബോധം കുറയുന്നതുമാണ് രോ​ഗസ്ഥിരീകരണം വൈകുന്നത്തിനു കാരണം എന്ന് ഗവേഷകർ വ്യക്തമാക്കുന്നു. എൻഡോമെട്രിയോസിസിലൂടെ കടന്നുപോകുന്നവർ അനുഭവിക്കുന്ന മാനസികപ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധികളും പഠനത്തിൽ എടുത്തുപറയുന്നു. ഗർഭാശയത്തിന്റെ ഉൾപ്പാടയാണ് എൻഡോമെട്രിയം. ഗർഭധാരണം നടക്കാത്ത മാസങ്ങളിൽ ആർത്തവരക്തത്തോടൊപ്പം എൻഡോമെട്രിയം കൊഴിഞ്ഞുപോവുകയും അടുത്ത ആർത്തവചക്രത്തിൽ പുതിയ ഉൾപ്പാട രൂപപ്പെടുകയും ചെയ്യും. എന്നാൽ ഗർഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളിൽ എൻഡോമെട്രിയം കോശങ്ങൾ കാണപ്പെടുന്നതാണ് എൻഡോമെട്രിയോസിസ് എന്ന അവസ്ഥ. അണ്ഡാശയം, അണ്ഡവാഹിനിക്കുഴൽ, ഉദരത്തിന്റെ ഉൾഭാഗം, ഗർഭാശയത്തിന്റെ പിറകിലുള്ള പൗച്ച് ഓഫ് ഡഗ്ലസ്, കുടൽ എന്നീഭാഗങ്ങളിലാണ് സാധാരണ ഈ കോശങ്ങൾ കാണുന്നത്. ആർത്തവ സമയത്തുണ്ടാവുന്ന നടുവേദന, വയറുവേദന എന്നിവ സാധാരണമാണ്. എന്നാൽ ഈ വേദനകൾ കഠിനമാവുകയാണെങ്കിൽ അത് എൻഡോമെട്രിയോസിസ് എന്ന രോഗത്തിന്റെ സാധ്യതകൾ ആണെന്നും പഠനം പറയുന്നു.