ആർദ്രം ആരോഗ്യം ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് രണ്ടാംഘട്ടം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി

ആർദ്രം ആരോഗ്യം ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് രണ്ടാംഘട്ടം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആദ്യഘട്ടത്തിൽ 30 വയസിന് മുകളിൽ പ്രായമുള്ള 1.53 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂർത്തിയാക്കിയിരുന്നു. സ്‌ക്രീനിംഗിൽ രോഗ സാധ്യതയുള്ള 13.6 ലക്ഷത്തോളം പേരുടെ തുടർ പരിശോധനകൾ പൂർത്തിയാക്കുകയും ആവശ്യമായവർക്ക് തുടർ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. 30 വയസിന് മുകളിൽ ലക്ഷ്യം വച്ചവരിൽ ബഹുഭൂരിപക്ഷം വ്യക്തികളുടേയും സ്‌ക്രീനിംഗ് നടത്തിയ സ്ഥിതിയിലാണ് രണ്ടാം ഘട്ടത്തിലേക്ക് പോകുന്നത്. ഇതിനായി ശൈലി 2 ആപ്പ് വികസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇ ഹെൽത്ത് രൂപകല്പന ചെയ്യുന്ന ശൈലി ആപ്പിന്റെ സഹായത്തോടെ ആശാ പ്രവർത്തകർ നേരിട്ട് വീടുകളിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ കുഷ്ഠ രോഗം, കാഴ്ച പരിമിതി, കേൾവി പരിമിതി, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയുടെ സ്‌ക്രീനിംഗും നടത്തുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.