പേവിഷബാധയ്ക്കുള്ള പ്രതിരോധവാക്സിൻ അവശ്യമരുന്നുകളുടെ പട്ടികയിൽ പെടുത്തി കേന്ദ്രസർക്കാർ. നായ്ക്കളുടെ ആക്രമണം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണിത്. നാഷണൽ ഹെൽത്ത് മിഷന്റെ അവശ്യമരുന്നുകളുടെ പട്ടികയിലാണ് പേവിഷബാധയ്ക്കുള്ള പ്രതിരോധവാക്സിനും ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ നായ്ക്കളുടെ കടിയേറ്റവരുടെ നിരക്കിൽ 26.5 % വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022-ൽ 2.18 ദശലക്ഷം ആയിരുന്നതിൽ നിന്ന് 2023 ആയപ്പോഴേക്കും 2.75 ദശലക്ഷമാവുകയാണ് ചെയ്തത്. നായ്ക്കളുടെ കടിയേൽക്കുന്നതിൽ 75%-വും തെരുവുനായ്ക്കളിൽ നിന്നാണെന്നും കണക്കുകൾ പറയുന്നു. എല്ലാ നായ്ക്കളും കടിക്കുന്നത് വിഷബാധയുണ്ടാക്കുന്നില്ലെങ്കിലും ആക്രമണമേറ്റാലുടൻ പേവിഷബാധ പ്രതിരോധ വാക്‌സിൻ സ്വീകരിക്കണമെന്നതാണ് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിർദേശം. പേവിഷബാധയ്ക്കുള്ള പ്രതിരോധവാക്സിനു പുറമെ അരിവാൾരോഗത്തിനും ഹീമോഫീലിയ്ക്കുമുള്ള മരുന്നുകളും അവശ്യമരുന്നുകളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ഇത്തരം ചികിത്സയ്ക്കുള്ള മരുന്നുകൾ ആയുഷ്മാൻ ആരോഗ്യ മന്ദിർ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ജില്ലാ ആശുപത്രികൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ എന്നിവവഴി ലഭ്യമാക്കും.