മുഖം മിനുക്കാനും മുടി സംരക്ഷണത്തിനും ഇനി തൈര് മതി. തൈരിലടങ്ങിയ പ്രോട്ടീൻ, കാൽസ്യം, സിങ്ക്, വിറ്റാമിനുകൾ എന്നിവ മുടിക്കും ചർമത്തിനും മികച്ചതാണ്. മുഖക്കുരുവിന് മികച്ച പരിഹാരമാണ് തൈര്. ഒരു ടേബിൾ സ്പൂൺ തൈരിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് പേസ്റ്റാക്കുക. ഇത് മുഖത്ത് കുരുക്കളുള്ള ഭാഗത്ത് പുരട്ടുക. പതിനഞ്ചു മിനിറ്റിനുശേഷം തണുത്തവെള്ളം കൊണ്ട് കഴുകിക്കളയാം. മുഖത്തെ കുരുക്കളും, മുഖക്കുരു വന്ന പാടുകളും ഈ ഫേസ്‌പാക്ക് കുറയ്ക്കും. വെയിൽ അടിച്ചുള്ള കരിവാളിപ്പിനും കറുത്ത പാടുകൾക്കും തൈര് മികച്ചതാണ്. ഒരു ടേബിൾ സ്പൂൺ തൈരിലേക്ക് ഒരു ടീസ്പൂൺ കടലമാവ് ചേർക്കുക. ഇതിലേക്ക് രണ്ടുതുള്ളി നാരങ്ങാനീരും ഒരു ടീസ്പൂൺ തേനും ചേർക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടി തണുത്ത വെള്ളം കൊണ്ടു കഴുകിക്കളയുക. ഇത് മുഖത്തെ വെയിൽ കൊണ്ടുള്ള കരുവാളിപ്പ് പൂർണമായും ഇല്ലാതാക്കും. ചർമത്തിലെ വരൾച്ച നീക്കി ജലാംശം നിലനിർത്താൻ തൈര് ഉത്തമ മാർഗമാണ്. മുഖത്ത് അൽപം തൈര് പുരട്ടി പതിനഞ്ചു മിനിറ്റ് വെക്കുക. വേണമെങ്കിൽ അൽപം റോസ് വാട്ടറും ചേർക്കാം. മുഖം മൃദുവാകുകയും വരൾച്ച മാറുകയും ചെയ്യും. താരനും മുടികൊഴിച്ചിലും അകറ്റാൻ തൈര് നല്ല വഴിയാണ്. മുടിയിൽ അൽപം വെള്ളം സ്പ്രേ ചെയ്തതിനു ശേഷം തൈരെടുത്ത് ശിരോചർമത്തിലും മുടിയിലും പുരട്ടാം. മുപ്പതു മിനിറ്റിനു ശേഷം കഴുകിക്കളയാം. തൈരിലടങ്ങിയ പ്രോട്ടീൻ താരനെ ചെറുക്കുന്നതിനൊപ്പം മുടിയുടെ വളർച്ച ശക്തിപ്പെടുത്തുകയും ചെയ്യും. കെമിക്കലുകളില്ലാത്ത ഹെയർ കണ്ടീഷണർ ആണ് തേടുന്നതെങ്കിൽ തൈരാണ് മികച്ച വഴിയാണ്. ഒരു മുട്ടയുടെ വെള്ളയെടുത്ത് നന്നായി അടിച്ചുവെക്കുക. ഇതിലേക്ക് ഒരുകപ്പ് തൈര് ചേർക്കുക. ഈ മിക്സ്ചർ മുടിയിൽ പുരട്ടി പതിനഞ്ചു മിനിറ്റ് വെക്കുക. ശേഷം കഴുകിക്കളയാം. ഇത് നിങ്ങളുടെ മുടി സോഫ്‌റ്റും സ്മൂതും ആക്കും.