മലയാളികളായ നഴ്സുമാരുടെ വൈദഗ്ധ്യം, നൈപുണ്യം, കരുതൽ, ദയാപൂർവമായ പെരുമാറ്റം എന്നിവ ലോക പ്രശസ്‌തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹോസ്‌പിറ്റൽ സംരംഭങ്ങളുമായി ബന്ധപ്പെട്ട് ലോകത്തിന്റെ ഏതു ഭാഗത്തും ആദ്യം ആരും തേടുന്നത് മലയാളി നഴ്സുമാരെയാണ്. ഈ തിരിച്ചറിവോടെ നഴ്‌സിംഗ് പഠന രംഗത്തും, നഴ്‌സുമാരുടെ റിക്രൂട്ടിംഗ് രംഗത്തും ശ്രദ്ധേയമായ ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എറണാകുളം ഗവ. നഴ്സിംഗ് സ്കൂൾ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി ഇക്കാര്യം വക്തമാക്കിയത്. ചരിത്രത്തിലാദ്യമായി സർക്കാർ, സർക്കാർ അനുബന്ധ മേഖലകളിൽ മാത്രം ഈ വർഷം 1,020 ബി.എസ്.സി നഴ്സിംഗ് സീറ്റുകൾ പുതുതായി വർദ്ധിപ്പിച്ചു. കൂടാതെ സർക്കാർ മേഖലയിൽ ജനറൽ നഴ്സിംഗിന് മുൻവർഷത്തെ അപേക്ഷിച്ച് 100 സീറ്റുകൾ കൂടി വർദ്ധിപ്പിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും നഴ്സിംഗ് മേഖലയിൽ ധാരാളം അവസരങ്ങൾ ഉണ്ടായി വരുന്നുത് മുൻകൂട്ടി കണ്ടു കൊണ്ടാണ് ഈ രീതിയിൽ നഴ്സിംഗ് മേഖലയിൽ സീറ്റ് വർധന വരുത്തുന്നത്. സീറ്റ് വർധന ഇനിയും തുടരാനാണ് സർക്കാർ തീരുമാനം. പുറം നാടുകളിൽ ജോലി തേടി പോകുന്ന നഴ്സുമാർക്ക് അവിടത്തെ ഭാഷ പരിചയപ്പെടുത്താൻ ആവശ്യമായ കോഴ്സുകൾ സംഘടിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വിവിധ രാജ്യങ്ങളുമായും ഏജൻസികളുമായും ചർച്ചകൾ നടത്തി വരികയാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.