മലപ്പുറം സ്വദേശിനിയുടെ നെഞ്ചില്‍ തുളഞ്ഞിറങ്ങിയ പപ്പടക്കോല്‍ പുറത്തെടുത്ത് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി ഡോക്ടര്‍മാര്‍

മലപ്പുറം സ്വദേശിനിയുടെ നെഞ്ചില്‍ തുളഞ്ഞിറങ്ങിയ പപ്പടക്കോല്‍ വിദഗ്ധമായി പുറത്തെടുത്ത് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ഇരുമ്പു കൊണ്ടുള്ള പപ്പടക്കോല്‍ ശസ്ത്രക്രിയ ഇല്ലാതെയാണ് പുറത്തെടുത്തത്. ഡോക്ടര്‍മാരുടെ മൂന്നു മണിക്കൂറോളം നീണ്ട സൂക്ഷ്മപ്രയത്‌നത്തിലൂടെ ആണ് പപ്പടക്കോല്‍ വായിലൂടെ പുറത്തെടുത്തത്. മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന യുവതി ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് എന്തോ വിഴുങ്ങിയതായി ഇവര്‍ ആംഗ്യം കാണിച്ചത്. ശരിയായ രൂപത്തില്‍ സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു യുവതി. തുടര്‍ന്ന്, ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് എക്‌സ് റേയിലാണ് നെഞ്ചില്‍ പപ്പടം കുത്തി കണ്ടെത്തിയത്. അന്നനാളത്തിലും നെഞ്ചിലും കമ്പി തുളച്ച് കയറിയ നിലയിലായിരുന്നു പപ്പടക്കോല്‍. മെഡിക്കല്‍ കോളജിലെ ഫൈബര്‍ ഒപ്റ്റിക് ഇന്റ്‌റുബേറ്റിംഗ് വീഡിയോ എന്‍ഡോസ്‌കോപ്പി, ഡയറക്ടറ്റ് ലാരിംഗോസ്‌കോപ്പി ഉള്‍പ്പെടെയുള്ള ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് പപ്പടക്കോല്‍ വായിലൂടെ പുറത്തെടുത്തത്. യുവതിയെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയതായും രോഗി സുഖം പ്രാപിച്ചുവരുന്നതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.