യുകെയിൽ അച്ഛനും മകളും ഒരേ സമയം നഴ്‌സുമാരായി യോഗ്യത നേടി, ഒരേ ആശുപത്രിയിൽ ഒരേ സമയം ജോലി യിൽ പ്രവേശിച്ചു

പഠനത്തിനും തൊഴിലിനും പ്രായം ഒരു തടസ്സമല്ലെന്ന് വ്യക്തമാക്കുന്ന ഒരു വാർത്തയാണ് യു കെ യിൽ നിന്ന് പുറത്തു വന്നത്. യുകെയിൽ അച്ഛനും മകളും ഒരേ സമയം നഴ്‌സുമാരായി യോഗ്യത നേടി, ഒരേ ആശുപത്രിയിൽ ഒരേ സമയം ജോലി യിൽ പ്രവേശിച്ചു. ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ ചരിത്രത്തിൽ തന്നെ അപൂർവ സംഭവമാണ് ഇത്. 42 വയസ്സുകാരനായ സ്റ്റീവറും മകൾ സ്റ്റീവിലി ജൂവലും ആഴ്ചകളുടെ വ്യത്യാസത്തിൽ നഴ്സിങ് ബിരുദം പൂർത്തിയാക്കി ബ്ലാക്ക് പൂളിലെ ഹാർബർ മാനസികാരോഗ്യ ആശുപത്രിയിലാണ് ജോലി ആരംഭിച്ചത്. ഹെൽത്ത്‌കെയർ സപ്പോർട്ട് ജീവനക്കാരാനായിരുന്ന സ്റ്റീവറിനു നഴ്സിങ് മോഹം കൂടെയുണ്ടായിരുന്നു. അതിനിടയിലാണ് നഴ്സിങ് ആ​ഗ്രഹവുമായി മകൾ വന്നത്. അങ്ങിനെ ഇരുവരും കോഴ്സ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എഡ്ജ് ഹിൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് സ്റ്റീവിലി ജൂവൽ നഴ്സിങ് ബിരുദം നേടിയത്. നഴ്‌സിങ് ഡിഗ്രി അപ്രന്റിസ്‌ഷിപ്പ് പൂർത്തിയാക്കിയാണ് സ്റ്റീവർ യോ​ഗ്യത നേടിയത്. യാദൃച്ഛികമായി ഇരുവർക്കും ഒരേ ആശുപത്രിയിൽ ജോലി ലഭിച്ചെന്നതും കൗതുകമാണെന്ന് എൻഎച്ച്എസ് അധികൃതർ കൂട്ടിച്ചേർത്തു.