സമൂഹ മാധ്യമങ്ങളുടെ ഉപയോഗം ദിവസവും 30 മിനിട്ടെങ്കിലും കുറയ്‌ക്കാൻ സാധിക്കുന്നത് മാനസികാരോഗ്യവും തൊഴിലിലെ സംതൃപ്‌തിയും വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനം. ബോഹം റുഹർ സർവകലാശാലയിലെയും ജെർമൻ സെന്റർ ഫോർ മെന്റൽ ഹെൽത്തിലെയും ഗവേഷകരാണ് പഠനത്തിന് പിന്നിൽ. സമൂഹമാധ്യമങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നത് ജോലിക്കായി വിനിയോഗിക്കാൻ കൂടുതൽ സമയം നൽകുമെന്നും ജോലിയിൽ നന്നായി ശ്രദ്ധിക്കാൻ സഹായിക്കുമെന്നും ബിഹേവിയർ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഓൺലൈൻ അല്ലാതിരിക്കുമ്പോൾ തങ്ങളുടെ നെറ്റ് വർക്കിൽ നടക്കുന്ന സുപ്രധാന കാര്യങ്ങൾ അറിയാതെ പോകുമോ എന്ന ഫിയർ ഓഫ് മിസിങ്ങ് ഔട്ട് കുറയ്‌ക്കാനും സമൂഹ മാധ്യമങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിലൂടെ സാധിക്കുമെന്നും പഠനം പറയുന്നു. വെറും ഏഴ് ദിവസം നീണ്ടു നിന്ന പഠനത്തിൽ പങ്കെടുത്തവരുടെ തൊഴിൽ സംതൃപ്‌തിയിലും മാനസികാരോഗ്യത്തിലും ഗണ്യമായ മാറ്റങ്ങൾ കണ്ടെത്താനായെന്ന് ഗവേഷണത്തിനു നേതൃത്വം നൽകിയ ജൂലിയ ബ്രെയ്‌ലോവ്‌സ്‌കിയ പറഞ്ഞു.