ഹർഷിനയുടെ പോരാട്ടം ഒടുവിൽ വിജയത്തിലേക്ക്

ഹർഷിനയുടെ പോരാട്ടം ഒടുവിൽ വിജയത്തിലേക്ക്. പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് തന്നെ എന്ന് കുറ്റപത്രം. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിലാണ് അന്വേഷണ സംഘം കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതികളാക്കിയാണ് കുറ്റപത്രം. 750 പേജുള്ള കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശൻ സമർപ്പിച്ചത്. കേസിൽ 60 സാക്ഷികൾ ആണ് ഉള്ളത്. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണെന്ന് അന്വേഷണത്തിൽ വ്യക്തമായെന്ന് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. അന്വേഷണത്തിൽ നിർണായക തെളിവായത് 2017-ൽ നടത്തിയ എംആർഐ സ്‌കാനിങ് ആണെന്നും എസിപി അറിയിച്ചു. ഉപകരണം കുടുങ്ങിയത് മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ്. ഡോക്ടർമാർക്കും നഴ്‌സുമാർക്കും വീഴ്ച സംഭവിച്ചെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. രണ്ടു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും എസിപി വ്യക്തമാക്കി