നട്സ് ദിവസേന കഴിക്കുന്നത് വിഷാദരോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം. ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബദാം, വാള്‍നട്സ്, കശുവണ്ടി, ഹേസല്‍നട്സ്, പിസ്ത, ബ്രസീല്‍ നട്സ് പോലുള്ള നട്സ് വിഭവങ്ങള്‍ ദിവസേന കഴിക്കുന്നത് വിഷാദരോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം കണ്ടെത്തി. ദിവസവും 30 ഗ്രാം നട്സ് കഴിക്കുന്നത് വിഷാദരോഗ സാധ്യത 17 ശതമാനം വരെ കുറയ്ക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. നട്സില്‍ അടങ്ങിയിരിക്കുന്ന അര്‍ജിനൈന്‍, ഗ്ലൂട്ടമൈന്‍, സെറൈന്‍, പോലുള്ള അമിനോ ആസിഡുകൾ മൂഡ് മെച്ചപ്പെടുത്തുമെന്ന് ഗവേഷണത്തിൽ പറയുന്നു. സ്പെയ്നിലെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകരാണ് പഠനം നടത്തിയത്. യുകെ ബയോബാങ്കിലെ ശരാശരി 58 വയസ്സ് പ്രായമുള്ള 13,000 പേരുടെ ഡേറ്റയാണ് പഠനത്തിനായി പരിശോധിച്ചത്. ഇവര്‍ നട്സ് കഴിക്കുന്നതിന്റെ തോത് ഒരു ചോദ്യാവലി വഴി രേഖപ്പെടുത്തുകയും ഇവരുടെ വിഷാദരോഗ ലക്ഷണങ്ങളും ആന്റി ഡിപ്രസന്റുകളുടെ ഉപയോഗവും ഗവേഷകർ നിരീക്ഷിക്കുകയും ചെയ്താണ് പഠനം നടത്തിയത്.