ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാൻ കനിവ് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ കൂടി സജ്ജമാക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലൻസുകൾക്ക് പുറമേയാണ് ഈ യൂണിറ്റുകൾ കൂടി സജ്ജമാക്കിയിരിക്കുന്നത്.
സുസജ്ജമായ ആശുപത്രികൾക്ക് പുറമേ പമ്പ മുതൽ സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്സിജൻ പാർലറുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4×4 റെസ്ക്യു വാൻ, ഐസിയു ആംബുലൻസ് എന്നിവയാണ് ശബരിമലയ്ക്കായി സജ്ജമാക്കിയത്. കനിവ് 108 ആംബുലൻസ് പദ്ധതിക്ക് കീഴിൽ പമ്പ ആശുപത്രി കേന്ദ്രമാക്കിയാണ് റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് പ്രവർത്തിക്കുന്നത്. തീർത്ഥാടകർക്ക് വൈദ്യസഹായം വേണ്ട സാഹചര്യങ്ങളിൽ 108 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെട്ടാൽ ഈ വാഹനങ്ങളുടെ സേവനം ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.