ഉറക്കം കുറയുന്നതിനുസരിച്ച് ഡിമെന്‍ഷ്യ സാധ്യതയും കൂടുമെന്ന് പഠന റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലെ മെല്‍ബോണിലുള്ള മൊനാഷ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ജാമാ ന്യൂറോളജി എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓരോവര്‍ഷവും ഉറക്കത്തിലുണ്ടാകുന്ന നേരിയ കുറവുപോലും ഡിമെന്‍ഷ്യ സാധ്യത 27ശതമാനമായി വര്‍ധിപ്പിക്കുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്. അറുപതുവയസ്സിനു മുകളിലുള്ള 346-ഓളം പേരുടെ ആരോഗ്യവിവരങ്ങള്‍, അഞ്ചുവര്‍ഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് അവലോകനം ചെയ്ത് ഗവേഷകര്‍ വിലയിരുത്തല്‍ നടത്തിയത്. പഠനത്തിനൊടുവില്‍ 52 ഡിമെന്‍ഷ്യ രോഗികളേയാണ് കണ്ടെത്തിയത്. ഉറക്കം എത്രത്തോളം കുറയുന്നുവോ അത്രത്തോളം ഡിമെന്‍ഷ്യ സാധ്യതയും കൂടുന്നു. ജീവിതശൈലിയില്‍ വ്യായാമം ഉള്‍ക്കൊള്ളിക്കേണ്ടതിന്റെ പ്രാധാന്യം എത്രയുണ്ടോ അത്രത്തോളം തന്നെ ഉറക്കത്തിനും സ്ഥാനം കൊടുക്കേണ്ടതാണെന്നും ഗവേഷകര്‍ പറയുന്നു. ലോകത്ത് 55 ദശലക്ഷത്തിലേറെ പേര്‍ ഡിമെന്‍ഷ്യ രോഗവുമായി ജീവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.