വ്യത്യസ്തമായ ചികിത്സാരീതിയിലൂടെ ശ്രദ്ധേയമായി ഡല്‍ഹി എയിംസ്. ന്യൂ ഡല്‍ഹിയില്‍ ഏഴുവയസ്സുകാരന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ സൂചി കാന്തം ഉപയോഗിച്ച് നീക്കം ചെയ്താണ് ഡല്‍ഹി എയിംസിലെ പീഡിയാട്രിക് സര്‍ജറി വിഭാഗം വാര്‍ത്തകളില്‍ ഇടംപിടിച്ചത്. കുട്ടിയുടെ ഇടത് ശ്വാസകോശത്തില്‍ കുടുങ്ങിയ നാലു സെന്റീമീറ്റര്‍ നീളമുള്ള തയ്യല്‍ സൂചി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ സാധിക്കില്ലെന്നു ബോധ്യമായതോടെ എന്‍ഡോസ്‌കോപ്പിയിലൂടെ പരീക്ഷണം നടത്തുകയായിരുന്നു. ശക്തമായ ചുമയും രക്തസ്രാവവുമായി ഗുരുതരാവസ്ഥയിലായ കുട്ടിയെ ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സൂചി കുടുങ്ങിയതായി കണ്ടെത്തിയത്. നാല് മില്ലി മീറ്റര്‍ വലുപ്പമുള്ള കാന്തം ഉപയോഗിച്ചാണ് സൂചി നീക്കം ചെയ്തതെന്ന് പീഡിയാട്രിക് വിഭാഗം ഡോക്ടര്‍ ജെയിന്‍ പറഞ്ഞു.