ചേക്ലേറ്റുകള്‍ മനുഷ്യശരീരത്തിന് വില്ലനാകുമെന്ന മുന്നറിയിപ്പ്. നമ്മുടെ ശരീരത്തിന് ദോഷകരമാകും വിധത്തില്‍ ചോക്ലേറ്റുകളില്‍ ‘ലെഡ്’, ‘കാഡ്മിയം’ പോലുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് യുഎസിലുള്ള ‘കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട്‌സ്’ എന്ന സംഘടന നടത്തിയ പഠനത്തില്‍ കണ്ടെത്തി. വിപണിയിലെ വിവിധ ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിച്ച്, ഉപഭോക്താക്കള്‍ക്ക് ആശ്രയമെന്ന നിലയില്‍ സാമ്പത്തിക ലക്ഷ്യമില്ലാതെ- സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ‘കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട്‌സ്’. ഡാര്‍ക് ചോക്ലേറ്റ് ബാറുകള്‍, മില്‍ക് ചോക്ലേറ്റ് ബാറുകള്‍, ചോക്ലേറ്റ് ചിപ്‌സ്, കൊക്കോ പൗഡര്‍, ഹോട്ട് കൊക്കോ മിക്‌സസ്, ബ്രൗണീസ്, ചോക്ലേറ്റ് കേക്ക് എന്നിങ്ങനെ നാല്‍പത്തിയൈട്ടോളം ഉത്പന്നങ്ങളാണ് ഇവര്‍ പരിശോധനയ്ക്കായി എടുത്തത്. ഇതില്‍ പതിനാറ് ഉത്പന്നങ്ങളിലും അളവിലധികം ലെഡും കാഡ്മിയവും ഗവേഷകര്‍ കണ്ടെത്തി. കുട്ടികളെയും ഗര്‍ഭിണികളെയുമാണ് ഇത്തരത്തിലുള്ള ഉത്പന്നങ്ങള്‍ ഏറെയും ബാധിക്കുകയെന്നും പഠനം ചൂണ്ടികാട്ടി. പല പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും ഇക്കൂട്ടത്തിലുണ്ടെന്നും ഗവേഷകര്‍ പറയുന്നു.