ശ്രവണ വൈകല്യം നേരിടുന്ന കുട്ടികൾക്കുള്ള ശ്രുതി തരംഗം പദ്ധതിയിൽ ശസ്ത്രക്രിയകൾ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കീഴിൽ ശ്രുതി തരംഗം പദ്ധതിക്കായി എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികളിൽ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയകൾ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പദ്ധതിയുടെ മുൻ വർഷങ്ങളിലെ നടത്തിപ്പുകാരായിരുന്ന കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ മുഖേനയും അല്ലാതെയും പുതിയ കോക്ലിയർ ഇംപ്ലാന്റേഷൻ സർജറികൾക്കായി ലഭിച്ചിട്ടുള്ള അപേക്ഷകളിൽ 44 എണ്ണത്തിന് പദ്ധതിയുടെ സാങ്കേതിക സമിതി ശസ്ത്രക്രിയ നടത്തുവാനുള്ള അംഗീകാരം നൽകിയതായും ,ഈ കുട്ടികളുടെ ശസ്ത്രക്രിയകൾ നടന്നുവരുന്നതായും ആരോഗ്യ വകുപ്പ് അറിയിച്ചു. സർക്കാർ മേഖലയിൽ നിന്നും തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രികളും സ്വകാര്യ മേഖലയിൽ നിന്നും ഡോ. നൗഷാദ് ഇ.എൻ.ടി. ഇൻസ്റ്റിറ്യൂട്ട് & റിസർച്ച് സെന്റർ, എറണാകുളം, ഡോ. മനോജ് ഇ.എൻ.ടി. സൂപ്പർ സ്പെഷ്യാലിറ്റി ഇൻസ്റ്റിറ്റ്യൂട്ട് & റിസർച്ച് സെന്റർ, കോഴിക്കോട്, അസ്സെന്റ് ഇ.എൻ.ടി. ഹോസ്പിറ്റൽ പെരിന്തൽമണ്ണ എന്നീ ആശുപത്രികളുമാണ് ശ്രുതിതരംഗം പദ്ധതിയിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖേന എംപാനൽ ചെയ്തിട്ടുള്ളത്.