മഹാമാരികളെ പ്രതിരോധിക്കുന്നതിനായി സംസ്ഥാനത്ത് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ മൈക്രോബയോം സ്ഥാപിക്കാന്‍ തീരുമാനിച്ചു

മാനവരാശിക്ക് ഭീഷണിയാകുന്ന മഹാമാരികളെ പ്രതിരോധിക്കുന്നതിനായി സംസ്ഥാനത്ത് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ മൈക്രോബയോം സ്ഥാപിക്കാന്‍ തീരുമാനിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴില്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പങ്കാളിത്തത്തോടെയാണ് സെന്റര്‍ സ്ഥാപിക്കുക. കേരള ഡവലപ്മെന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ സമര്‍പ്പിച്ച വിശദ പദ്ധതി രേഖ അംഗീകരിച്ചാണ് ഭരണാനുമതി നല്‍കിയത്.

മൈക്രോ ബയോളജി എന്ന ശാസ്ത്ര ശാഖയ്ക്ക് പുതിയ വീക്ഷണം പ്രദാനം ചെയ്യുന്ന നൂതന ശാസ്ത്ര മേഖലയാണ് മൈക്രോബയോം റിസര്‍ച്ച്. സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ മൈക്രോബയോമിന്റെ പ്രവര്‍ത്തനത്തിനായി താല്‍ക്കാലികാടിസ്ഥാനത്തില്‍ തസ്തികകള്‍ സൃഷ്ടിക്കും. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നിന്ന് വിരമിച്ച ഡോ. സാബു തോമസിനെ ആദ്യ ഡയറക്ടറായി മൂന്ന് വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കും. കേരള സര്‍ക്കാരിന്റെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പിനെ മൈക്രോബയോമിന്റെ ഭരണ വകുപ്പായി തീരുമാനിച്ചു. കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലാണ് ഏകാരോഗ്യ സമീപനം അടിസ്ഥാനമാക്കിയുള്ള മൈക്രോബയോം ഗവേഷണം കൂടുതല്‍ പ്രസക്തമാകുന്നത്.