മാനവരാശിക്കുമേല്‍ മഹാമാരിയായി ബാധിച്ചേക്കാവുന്ന എട്ട് പുതിയ വൈറസുകളെ കൂടി ചൈനയില്‍ കണ്ടെത്തി

ഭാവിയില്‍ മാനവരാശിക്കുമേല്‍ മഹാമാരിയായി ബാധിച്ചേക്കാവുന്ന എട്ട് പുതിയ വൈറസുകളെ കൂടി ചൈനയില്‍ കണ്ടെത്തി. ചൈനയുടെ തെക്കന്‍ തീരത്തെ ഉഷ്ണമേഖലാ ദ്വീപായ ഹൈനാന്‍ ഐലാന്‍ഡില്‍ എലികളിലാണ് വൈറസുകളെ കണ്ടെത്തിയത്. ഭാവിയില്‍ നേരിടേണ്ടിവരുന്ന മഹാമാരികളെ ചെറുക്കുന്നതിനായുള്ള തയാറെടുപ്പുകള്‍ നടത്താന്‍ ചൈന നിയോഗിച്ച ശാസ്ത്രജ്ഞ സംഘമാണ് വൈറസുകളെ കണ്ടെത്തിയത്. ഏതെങ്കിലും സാഹചര്യത്തില്‍ ഈ വൈറസുകള്‍ മനുഷ്യരിലേക്ക് പടരുകയാണെങ്കില്‍ കോവിഡ് 19 പോലെ മഹാമാരികള്‍ക്ക് വഴിവെക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇവയില്‍ കൊവിഡിന് കാരണമായ സാര്‍സ് കോവി-2 വൈറസ് കുടുംബത്തില്‍ പെട്ടതും, ഡെങ്കിപ്പനിയും യെലോഫീവറുമായി ബന്ധമുള്ള വൈറസുകളും ലൈംഗിക അവയവങ്ങളില്‍ മുഴകളും അര്‍ബുദവുമുണ്ടാക്കാവുന്ന വൈറസുകളും, മനുഷ്യന്റെ ആരോഗ്യത്തിന് അപകടസാധ്യത ഉണ്ടാക്കുന്ന എണ്ണമറ്റ അജ്ഞാത രോഗകാരികളുടെ സാന്നിധ്യവും കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. വൈറോളജിക്ക സിനിക്ക ജേര്‍ണല്‍ ചൈനീസ് സൊസൈറ്റി ഫോര്‍ മൈക്രോബയോളജിയുടെ പ്രസിദ്ധീകരണ വിഭാഗമാണ് ഇതുസംബന്ധിച്ച ഗവേഷഫലം പ്രസിദ്ധീകരിച്ചത്