കൊച്ചിയിൽ നിലയ്ക്കാത്ത ചുമയും ശ്വാസതടസവും പനിയുമായി ചികിത്സ തേടിയെത്തിയ കോട്ടയം സ്വദേശിയായ എഴുമാസം പ്രായമുള്ള ആൺകുട്ടിയുടെ ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തത് ഒന്നര സെൻറി മീറ്ററോളം വലുപ്പമുള്ള എൽഇഡി ബൾബ്. കോട്ടയത്തെ സ്വകാര്യ ക്ലിനിക്കിലാണ് കുട്ടിയെ ആദ്യം ചികിത്സിച്ചത്. മരുന്നുകൾ കഴിച്ചിട്ടും ബുദ്ധിമുട്ടുകൾ കുറയാതെ വന്നതോടെ എക്സ് റേ പരിശോധന നടത്തിയതിനു പിന്നാലെയാണ് ശ്വാസകോശത്തിൽ അന്യവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ കുട്ടി യെ രക്ഷിതാക്കൾ കൊച്ചിയിലെ ഒരു മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബ്രോങ്കോസ്കോപി പരിശോധനയിലാണ് വലത്തേ ശ്വാസകോശത്തിന്റെ താഴെ ഇരുമ്പ് പോലുള്ള വസ്തു തറച്ച് നിൽക്കുന്നതായി കണ്ടെത്തിയത്. രക്തവും മറ്റും മറച്ച നിലയിലായിരുന്നതിനാൽ ഇത്. എൽഇഡി ബൾബ് ആണെന്ന് ആദ്യം വ്യക്തമായിരുന്നില്ല. പുറത്തെടുത്ത് പരിശോധിക്കുമ്പോഴാണ് ശ്വാസകോശത്തിൽ കുടുങ്ങിയത് എൽഇഡി ബള്‌ബാണെന്ന് വ്യക്തമായത്. ഒന്നര സെന്റി മീറ്ററോളം നീളമുള്ള ചുവന്ന നിറത്തിലുള്ള എൽഇഡി ബൾബാണ് മെഡിക്കൽ പ്രൊസീജ്യർ വഴി പുറത്തെടുത്തത്.