ഉപ്പിന്റെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുക വഴി ഹൃദ്രോഗസാധ്യതകള്‍ കുറയ്ക്കാമെന്ന് പഠനം. സൗത്ത്‌കൊറിയയിലെ ക്യുങ്പൂക് നാഷണല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ഭക്ഷണത്തില്‍ ഉപ്പ് സ്ഥിരമായി ചേര്‍ക്കുന്നവരില്‍ അല്ലാത്തവരെ അപേക്ഷിച്ച് ഹൃദ്രോഗത്തിനുള്ള സാധ്യത ഇരുപത്തിരണ്ടുശതമാനമാണെന്ന് ഗവേഷകര്‍ പറയുന്നു. ഉപ്പ് പാടേ ഉപേക്ഷിക്കുകവഴി ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ രോഗാവസ്ഥകള്‍ക്കുള്ള സാധ്യത അഞ്ചിലൊന്നായി കുറയ്ക്കാനാവുമെന്നും പഠനം വ്യക്തമാക്കുന്നു. ആംസ്റ്റര്‍ഡാമില്‍ വച്ചുനടന്ന യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി കോണ്‍ഫറന്‍സില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകാരോഗ്യസംഘടനയുടെ നിര്‍ദേശ പ്രകാരം പ്രായപൂര്‍ത്തിയായ വ്യക്തി ഒരുദിവസം കഴിക്കേണ്ട ഉപ്പിന്റെ അളവ് അഞ്ചുഗ്രാമില്‍ കുറവാണ്.