ഒമിക്രോണിന്റെ പുതു വകഭേദമായ ബിഎ 2.86 അമേരിക്കയ്ക്കും ചൈനയ്ക്കും യുകെയ്ക്കും സ്വിറ്റ്‌സര്‍ലന്‍ഡിനും ഇസ്രായേലിനും പുറമേ കാനഡയിലും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഡെന്‍മാര്‍ക്കിലാണ് പിരോള എന്ന് കൂടി അറിയപ്പെടുന്ന ഈ വകഭേദം ആദ്യം കണ്ടെത്തുന്നത്. കോവിഡിന്റെ പുതുതരംഗത്തിന് അതിമാരക വ്യാപന ശേഷിയുള്ള ഈ പുതിയ വകഭേദം കാരണമാകുമോ എന്നതില്‍ ആരോഗ്യവിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. എക്‌സ്ബിബി.1.5 നെ അപേക്ഷിച്ച് 35 ജനിതക വ്യതിയാനങ്ങളാണ് ബിഎ.2.86നുള്ളത്. മുന്‍പ് കോവിഡ് ബാധിച്ചവരെയും പ്രതിരോധ വാക്‌സീന്‍ എടുത്തവരെയും ബാധിക്കാന്‍ തക്ക വ്യാപനശേഷി ബിഎ.2.86നുണ്ടെന്ന് അമേരിക്കയിലെ സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മുന്നറിയിപ്പ് നല്‍കുന്നു.